കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അപകടം; സഹോദരങ്ങള്‍ ഓമനപ്പുഴയില്‍ മുങ്ങിമരിച്ചു
ആലപ്പുഴ : മാരാരിക്കുളത്തിനടുത്ത് ഓമനപ്പുഴയില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടമെന്നാണു നിഗമനം. നെപ്പോളിയന്റെ വീടിനടുത്തുള്ള പൊഴിയിലാണു വൈകിട്ട് 6 മണി കഴിഞ്ഞ് കുട്ടികള്‍ വീണത്. അവിടെ പുലിമുട്ട് നിര്‍മാണം നടക്കുന്നതു കാണാന്‍ കുട്ടികള്‍ പോയതാകാമെന്നു കരുതുന്നു.
ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്. വെള്ളത്തില്‍നിന്ന് എടുത്തപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. കുട്ടികളുടെ മാതാവ് ആന്‍ മരിയ കുവൈത്തില്‍ നഴ്സാണ്. നെപ്പോളിയന് മത്സ്യത്തൊഴിലാളിയാണ്. മൂത്ത മകന് അജിത്ത്. മൃതദേഹങ്ങള്‍ ചെട്ടികാട് ആശുപത്രിയിലെത്തിച്ചു.