ഒളിച്ചോടിയ കമിതാക്കളെ ബന്ധുക്കൾ കൊന്നു തള്ളി, മൃതദേഹങ്ങൾ ഉപേക്ഷിച്ചത് രണ്ട് സംസ്ഥാനങ്ങളിൽ, യുവാവിനോട് ചെയ്തത് സമാനതകളില്ലാത്ത കൊടും ക്രൂരത
ന്യൂഡൽഹി: ഒളിച്ചോടിയ കമിതാക്കളെ പിടികൂടി കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ രണ്ട് സംസ്ഥാനങ്ങളിലായി കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ദുരഭിമാന കൊലപാതകമാണെന്നും പിന്നിൽ പെൺകുട്ടികളുടെ ബന്ധുക്കളാണെന്നുമാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ മൃതദേഹം മദ്ധ്യപ്രദേശിലെ ബിൻഡിൽ നിന്നും യുവാവിൻ്റെ മൃതദേഹം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂലായ് 31-നാണ് ഉത്തർപ്രദേശിലെ ജഗാംഗീർപുരിൽ നിന്ന് കമിതാക്കൾ ഡൽഹിയിലേക്ക് പോയത്.ഡൽഹിയിൽ നിന്ന് ഇരുവരെയും പിടികൂടി മദ്ധ്യപ്രദേശിൽ എത്തിച്ചശേഷമായിരുന്നു കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊന്നത്. യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ശരീരത്തിൽ നിരവധി തവണ കുത്തിയശേഷം മരിക്കുന്നതിനുമുമ്പ് സ്വകാര്യ ഭാഗങ്ങൾ കീറിമുറിച്ച് വികൃതമാക്കുകയും ചെയ്തു.മൃതദേഹങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്. കുടുംബത്തിന്റെ ഇഷ്ടത്തിന് വിപരീതമായി വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ കുറ്റം സമ്മതിച്ചു. ഉത്തർപ്രദേശിൽ ദുരഭിമാന കൊലപാതകങ്ങൾ സാധാരണമാണെങ്കിലും ഇത്രയും ക്രൂരമായ കൊലപാതകം ആദ്യമാണെന്നാണ് പൊലീസ് പറയുന്നത്.