‘499 രൂപ അടച്ച് ബുക്ക് ചെയ്യൂ, ഇലക്ട്രിക് സ്കൂട്ടർ ഉടൻ വീട്ടിലെത്തും’ ബുക്കിങ്ങിെൻറ പേരിൽ തട്ടിപ്പ്
തൃശൂർ: ഓൺലൈനായി 499 രൂപ അടച്ച് ബുക്ക് ചെയ്യൂ, ഇലക്ട്രിക് സ്കൂട്ടർ ഉടൻ വീട്ടിലെത്തും… പരസ്യം കണ്ട് പണം അടച്ച് കാത്തിരിക്കുന്നവർക്ക് നിരാശ മാത്രമാകും ബാക്കിയാവുക. ഇത്തരം പ്രലോഭനങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലും ഓട്ടോമൊബൈൽ പ്രസിദ്ധീകരണങ്ങളിലും വൻ പ്രചാരണം നേടിയ ഓഫർ കണ്ട് നിരവധി പേരാണ് 499 രൂപ അടച്ച് ഇലക്ട്രിക് സ്കൂട്ടറിനായി കാത്തിരിക്കുന്നത്.
രണ്ടു ദിവസം മുമ്പ് സ്കൂട്ടർ ബുക്ക് ചെയ്ത നിരവധി പേരുടെ മൊബൈൽ ഫോണുകളിലേക്ക് സ്കൂട്ടർ കമ്പനിയിൽ നിന്നെന്ന വ്യാജേന വാട്സ്ആപ് സന്ദേശം വന്നിരുന്നു. ബുക്ക് ചെയ്ത സ്കൂട്ടറിെൻറ മുഴുവൻ തുകയും അടച്ചാൽ വീട്ടിലേക്ക് വാഹനമെത്തുമെന്നായിരുന്നു സന്ദേശത്തിെൻറ ഉള്ളടക്കം. ഇതിനോട് പ്രതികരിക്കുന്നവരെ കമ്പനി പ്രതിനിധികളെന്ന നിലയിൽ ടെലിഫോണിൽ വിളിച്ച് സംസാരിക്കും. തുടർന്ന് അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിൽ സ്കൂട്ടറിെൻറ വില നിക്ഷേപിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
തൃശൂരിലെ സ്കൂട്ടർ ബുക്ക് ചെയ്ത യുവാവിനോട് ഹിന്ദിയിലാണ് സംസാരിച്ചത്. അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ രണ്ട് മൂന്ന് ദിവസത്തിനകം സ്കൂട്ടർ വീട്ടിൽ എത്തിക്കാമെന്നായിരുന്നു വാഗ്ദാനം. ബാങ്ക് അക്കൗണ്ട് ഉറപ്പു വരുത്താൻ യുവാവ് തൃശൂരിലെ ബാങ്ക് ശാഖയിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലായത്. രാജസ്ഥാൻ സ്വദേശിയായ സൈബർ കുറ്റവാളിയുടേതായിരുന്നു അക്കൗണ്ട്.
ജാഗ്രത വേണം –കമീഷണർ
സൈബർ ക്രിമിനലുകളുടെ തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ മുന്നറിയിപ്പ് നൽകി. അനാവശ്യ സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ സൂക്ഷിക്കണം. അപരിചിതർ നൽകുന്ന എസ്.എം.എസ്, വാട്സ്ആപ് സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള അനാവശ്യ ലിങ്കുകൾ ക്ലിക്ക് ചെയ്യുകയോ സുരക്ഷിതമല്ലാത്ത മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അരുത്. യഥാർഥ വെബ്സൈറ്റുകളെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ തട്ടിപ്പുകാർ നിർമിച്ച സൈറ്റുകളെ കരുതിയിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.