കൊച്ചി: പറവൂരില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കൊല്ലപ്പെട്ട മുബാറകിന്റെ ബന്ധുക്കൾ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെന്റ് എ കാര്‍ ബിസിനസിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവില്‍ യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നെന്നാണ് കേസ്.
അര്‍ദ്ധരാത്രി പറവൂർ മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു ആക്രമണം. വെടിമറ കാഞ്ഞിരപ്പറമ്പില്‍ മുബാറക്(24) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയുന്നതിനിടെ വെടിമറ തോപ്പില്‍ നാദിര്‍ഷക്ക് പരിക്കേറ്റു. മുബാറകിനെ പ്രതികൾ വിളിച്ചു വരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുബാറകിന്റെ അടുത്ത സുഹുത്തുക്കളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. റെന്റ് എ കാർ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പറവൂർ ചാലക്ക മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.