അതിയാമ്പൂരിലെ പി.എൻ കമ്മാരൻ മാസ്റ്റർ നിര്യാതനായി
കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ വികസന ശില്പികളിലൊരാളും അധ്യാപക സംഘടനാ നേതാവും പ്രധാനാധ്യാപകനുമായിരുന്ന അതിയാമ്പൂരിലെ പി.എൻ .കമ്മാരൻ മാസ്റ്റർ (92 ) നിര്യാതനായി. 1985 ൽ മേലാങ്കോട്ട് സ്കൂളിൽ പ്രധാനാധ്യാപകനായിരിക്കെയാണ് സർവീസിൽ നിന്ന് വിരമിച്ചത്. മാക്കോട് ഗവ.എൽ.പി സ്കൂൾ , ബെല്ല ഈസ്റ്റ് ഗവ.ഹൈസ്കൂൾ , ഹൊസ്ദുർഗ് ഗവ.ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.എ.സി. കണ്ണൻ നായരുടെ മകൾ എച്ച്. സുനന്ദയാണ് ഭാര്യ. ഏച്ചിക്കാനം ഗവ.യു.പി.സ്കൂളിൽ പ്രധാനാധ്യാപകാനായിരിക്കെ 1973 ലെ അധ്യാപക സമരത്തിൽ പങ്കെടുത്ത് കമ്മാരൻ മാസ്റ്റർ എടുത്ത നിശ്ചയദാർഢ്യവും സംഘടനാ ബോധവും സമര ചരിത്രത്തിലെ മറക്കാൻ കഴിയാത്ത അനുഭവമാണ്. സ്കൂൾ പൂട്ടി താക്കോൽ മേലുദ്യോഗസ്ഥനെ ഏല്പിക്കണമെന്ന ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരത്തുള്ള വിദ്യാലയത്തിലേക്ക് സ്ഥലം മാറ്റി.ഉത്തരവ് കൈപ്പറ്റാതെ വീട്ടിൽ തന്നെ കഴിഞ്ഞ കമ്മാരൻ മാസ്റ്ററെ പിന്തിരിപ്പിക്കാൻ അധ്യാപക സംഘടന നേതാക്കന്മാർ പലവട്ടം പരിശ്രമിച്ചെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ല. ഒറ്റയ്ക്ക് നിന്ന് പൊരുതിയ കമ്മാരൻ മാസ്റ്ററുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വിദ്യാഭ്യാസ ഓഫീസർമാർ മുട്ടുമടക്കി. പഴയ ബെല്ല ഗവ.എൽ.പി.സ്കൂളിലേക്ക്(മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ) സ്ഥലം മാറ്റി. വിദ്യാലയത്തിന്റെ വികസനത്തിന്റെ ആരംഭം കുറിക്കുന്നത് അക്കാലത്താണ്. എൽ.പി.സ്കൂളിനെ യു.പി.യായി അപ്ഗ്രേഡ് ചെയ്യുന്നത് കമ്മാരൻ മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലയളവിലാണ്. കമ്മാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ അന്ന് പി ടി .എ.പ്രസിഡണ്ടായിരുന്ന അഡ്വ.പി.അപ്പുക്കുട്ടൻ വക്കീൽ , ഉമേഷ് കാമത്ത് , എ. സി. മോഹനൻ പരേതനായ കറുത്തമ്പു മേസ്ത്രി, എന്നിവർ കാനറാ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് ആറു ക്ലാസുമുറികളുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് തുക അനുവദിച്ചതോടെ വായ്പ തിരിച്ചു അടക്കുകയായിരുന്നു.
ഹൊസ്ദുർഗ് ഉപജില്ലാ അക്കാദമിക് കൗൺസിൽ സെക്രട്ടരിയായിരുന്ന കാലത്ത് വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ നാടകത്തിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് പതിനായിരം പുസ്തകങ്ങളുള്ള ലൈബ്രറി ആരംഭിച്ചു. അപൂർവ പുസ്തകങ്ങളുടെ കലവറ നാമാവശേഷമായതിൽ മാഷ് ദുഃഖിതനാണ്. പുസ്തകങ്ങളിൽ ചെറിയൊരു ഭാഗം മാത്രം ഇന്ന് യു.ബി.എം.സി.എ.എൽ.പി.സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്. അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വേറിട്ട പ്രവർത്തനങ്ങൾ പലതും സംസ്ഥാന തലത്തിൽ തന്നെ നടപ്പിലാക്കിയിരുന്നു. ഹൊസ്ദുർഗ് താലൂക്ക് എംപ്ളോയീസ് സർവീസ് സഹകരണ സംഘം സ്ഥാപക പ്രസിഡണ്ടാണ്. ഇടതുപക്ഷ അധ്യാപകസംഘടനയായ കെ.ജി.പി.ടി.എ സബ് ജില്ലാ പ്രസിഡണ്ട് , ജില്ലാ പ്രസിഡണ്ട് , കെ.ജി.ടി.എ ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സിപി.ഐ.എമ്മിന്റെ ഹൊസ്ദുർഗ് രണ്ടാം ബ്രാ ഞ്ച് മെമ്പറാണ്.
മക്കൾ: പ്രമീള, ഉഷ, കണ്ണൻ (റിട്ട. അധ്യാപകൻ) സുരേഷ് കുമാർ . മരുമക്കൾ. ബാലകൃഷ്ണൻ ,ജയൻ, രമ, രാധ. സഹോദരങ്ങൾ. സി.എൻ. നാരായണൻ , സി.എൻ. കുഞ്ഞമ്പു, മീനാക്ഷി ഭാർഗ്ഗവി, പാർവതി. സംസ്കാരം മേലാങ്കോട്ട് ശാന്തി തീരം പൊതു ശ്മശാനത്തിൽ.