ബാലികേറാമലയായി ജില്ലാശുപത്രിയിലെ രക്ത ബാങ്ക് രക്തദാതാക്കള്‍ക്ക് വിനയായി അധികൃതരുടെ അശാസ്ത്രീയ നടപടികൾ
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന രക്ത ബാങ്കിലേക്കുള്ള വഴി ദുർഘടം പിടിച്ചതിനാൽ ഇവിടെയെത്തുന്നവർക്ക് ദുരിതക്കടലാവുന്നതായി പരാതി. ആശുപത്രിയുടെ തെക്കുഭാഗത്ത് ലേബർ വാർഡിന് സമീപത്തെ കെട്ടിടത്തിലാണ് രക്ത ബാങ്ക് പ്രവർത്തിക്കുന്നത്.. വഴിയില്ലാതെ തപ്പിത്തടഞ്ഞു കെട്ടിടത്തിലെത്തിയാൽ പടികൾ കയറി കിതച്ച് വേണം മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന രക്തബാങ്കിലെത്താൻ. ഇതു രക്തദാതാക്കൾക്കും ഇവിടെയെത്തുന്നവർക്കും ബുദ്ധി മുട്ടുണ്ടാക്കുന്നതായാണ് പരാതി. രക്ത ബാങ്കിലേക്കുള്ള വഴിയിൽ നായ്ക്കളുടെ ശല്യവും പതിവാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇവിടെ കെട്ടിടം നിർമ്മിക്കുന്നതിനായി കല്ലും ഇരുമ്പ്കമ്പികളും ഉൾപ്പെടെയുള്ള സാധന സാമഗ്രികൾക്കിടയിലൂടെയാണ് നടന്നു പോകേണ്ടത്. വഴി ഇടുങ്ങിയതമാണ്. മൂന്നാം നിലയിലുള്ള രക്ത ബാങ്കിൽ എത്തിയാൽ തന്നെ പലർക്കും രക്തം നൽകാൻ കഴിയുന്നില്ല. പടികൾ കയറി അവിടെയെത്തുമ്പോഴേക്കും രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ വരുന്നതിനാൽ രക്തം ശേഖരിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ല. രക്ത ബാങ്കിൽ എത്തിയാൽ തന്നെ ഡോക്ടറില്ലെന്ന കാരണത്താൽ പരിശോധിക്കാനായി വീണ്ടും താഴെയുള്ള കാഷ്വാലിറ്റിയിലെത്തി പരിശോധന നടത്തണം. തുടർച്ചയായി പടികൾ കയറിയിറങ്ങി രക്തസമ്മർദ്ദത്തിൽ മാറ്റം ഉണ്ടാകുമ്പോൾ പലരും രക്തം നൽകാനാകാതെ മടങ്ങുകയാണെന്ന് രക്തദാതാക്കൾ പറയുന്നു. പ്രശ്നം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി രക്തദാതാക്കളുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു.