തൃശൂര്‍: പഞ്ചാമൃതത്തില്‍ സയനൈഡ് കലര്‍ത്തി ഇരട്ടക്കൊല നടത്തിയ പ്രതി കവര്‍ച്ചയ്ക്കിടെ പിടിയില്‍. തമിഴ്നാട് വില്ലുപുരം വാന്നൂര്‍ കോട്ടക്കരയില്‍ ശരവണന് എന്ന 54കാരനെയാണ് പൊലീസ് പിടികൂടിയത്. കേരളത്തില്‍ മാത്രം ഇയാള്‍ 60 കവര്‍ച്ചകള്‍ നടത്തിയെന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിലെ വില്ലുപുരത്ത് നിന്നും തൃശ്ശൂരില്‍ അടക്കം ബസിലെത്തി കവര്‍ച്ച നടത്തുന്ന രീതിയാണ് ഇയാള്‍ക്ക്.
2001 ഓഗസ്റ്റ് 30ന് ആയിരുന്നു സയനൈഡ് കൊലപാതകം ഇയാള്‍ നടത്തിയത്. ഭാര്യയുടെ കുടുംബത്തോടുള്ള പക തീർക്കാനാണ് ശരവണന് ഈ പദ്ധതി എടുത്തത്. സ്വർണപ്പണിക്കാരനായതിനാൽ സയനൈഡിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്നു. വില്ലുപുരം സവേര പാളയത്തെ ഭാര്യവീട്ടിലെത്തിയ ശേഷം പഞ്ചാമൃതത്തിൽ സയനൈഡ് കലർത്തി ഭാര്യാപിതാവ് ആദിമുളാചാരിക്കും ഭാര്യയുടെ സഹോദരീപുത്രിക്കും നൽകി ഇയാള്‍ കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ നാടുവിട്ടപ്പോള്‍ ഇയാളെ സംശയിച്ച പൊലീസ് 8 മാസത്തിനു ശേഷം അറസ്റ്റ് ചെയ്തു.
2002ല്‍ സയനൈഡ് കൊലക്കേസില്‍ അറസ്റ്റിലായ ശരവണന് ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങി 15 മാസത്തിനകമാണ് 60 മോഷണങ്ങള്‍ നടത്തിയത്. നേരത്തെ ശിക്ഷയ്ക്കിടെ രണ്ട് വര്‍ഷത്തിന് ശേഷം പരോളിനിറങ്ങിയപ്പോള്‍ 15 പ്രാവശ്യം മോഷണം നടത്തി. എന്നാല്‍ തെളിവുകള്‍ ലഭിക്കാഞ്ഞതിനാല്‍ കൂടുതല്‍ കേസില്‍ പ്രതിയായില്ല. കടലൂര്‍ സെന്റര്‍ ജയിലില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജീവപര്യന്തം ശിക്ഷയ്ക്ക് ശേഷം ശരവണന് മോചിതനാകുന്നത്.
പിന്നീട് കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൂപ്പര്‍മാക്കറ്റുകള്‍, ഓഫീസുകള്‍ തുടങ്ങിയിടത്തൊക്കെ മോഷണം നടത്തി. മുടിക്കോട്, പേരാമംഗലം, വിയ്യൂര്‍, മണ്ണാര്‍ക്കാട്, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, നെന്മാറ എന്നിവിടങ്ങളിലായി 15 ക്ഷേത്രങ്ങളില്‍ മോഷണം നടത്തി. പാലക്കാടും തൃശൂരിലും കടകളിലും സ്കൂളുകളിലും പലപ്രാവശ്യം മോഷണം നടത്തി. കുന്നംകുളത്തുള്ള മൊബൈല്‍ കടയില്‍ നിന്നും ഒന്നരലക്ഷം രൂപ കവര്‍ന്നു. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ കേസുണ്ട്.