ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് വി ശ്രീഹരന് എന്ന മുരുകനും തങ്ങളെ ദയാവദത്തിന് വിധേയരാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കി. വെല്ലൂരിലെ വനിതകള്‍ക്കായി പ്രത്യേക ജയിലില്‍ കഴിയുന്ന നളിനി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളില്‍ ഒരാളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹിക്കും ദയാവധം ആവശ്യപ്പെട്ട് കത്ത് അയച്ചതായി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
കടുത്ത സമ്മര്‍ദ്ദമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ നളിനിയെ പ്രേരിപ്പിച്ചതെന്ന് നളിനിയുടെ അഭിഭാഷകന് പുകഴേന്തി വ്യക്തമാക്കി.ജയില്‍ ഉദ്യോഗസ്ഥര്‍ വഴയാണ് നളിനി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഒരു കത്ത് അയച്ചത്. 26 വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് ജയില്‍ മോചനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ ആ പ്രതീക്ഷ മങ്ങുകയാണെന്നും കത്തില്‍ പറയുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ ഭര്‍ത്താവ് മുരുകനോട് മോശമായി പെരുമാറുന്നു. ഭര്‍ത്താവിനോട് മോശമായി പെരുമാറുന്നത് കാണാന്‍ അവര്‍ക്ക് കഴിയില്ല. പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും നളിനിയുടെ അഭിഭാഷകനായ പുകഴേന്തി പറഞ്ഞു.
ജയില്‍ ഉദ്യോഗസ്ഥര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും വെല്ലൂര്‍ ജയിലില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നുവെന്നും കത്തില്‍ നളിനി പറയുന്നു. മുരുകനെ ഏകാന്ത തടവില്‍ പാര്‍പ്പിച്ച ശേഷം കഴിഞ്ഞ 10 ദിവസമായി നളിനിയും മുരുകനും വെല്ലൂര്‍ ജയിലില്‍ നിരാഹാരത്തിലാണ്.
ജയില്‍ അധികൃതര്‍ മുരുകന്റെ കൈയില്‍നിന്ന് സെല്‍ഫോണ്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് മുരുകനെ ഏകാന്തതടവിലേക്ക് അയച്ചത്. വെല്ലൂരിലെ വനിതകള്‍ക്കായുള്ള പ്രത്യേക ജയിലില്‍ കഴിയുന്ന നളിനി രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തടവിലാക്കപ്പെട്ട വനിത തടവുകാരിയാണ്.മുരുകനും നളിനിയും ഉള്‍പ്പടെ കേസിലെ ഏഴ് പ്രതികളേയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ഗവണറുടെ പരിഗണനയിലാണ്.