എന്നു വരും കാരാക്കോട് പാലം
അരനൂറ്റാണ്ട് കാത്തിരിപ്പിൻ്റെ സങ്കടം പറഞ്ഞ് എം എൽ എ യ്ക്ക് മുന്നിൽ നാട്ടുകാർ
സ്പെഷ്യൽ റിപ്പോർട്ട്
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: വികസനം എന്നു പറയുന്നത് ചിലർക്ക് മാത്രമായി ചുരുങ്ങുമ്പോൾ അല്ലെങ്കിൽ ചിലർക്ക് മാത്രം അപ്രാപ്യമാകുമ്പോഴാണ് ജനരോഷം ചിലപ്പോൾ കലാപങ്ങൾ സൃഷ്ടിക്കുന്നത്
ഇത്തരത്തിൽ ജനനായകന്മാർക്കും ഉദ്യോഗസ്ഥർക്കും താല്പര്യമില്ലാത്ത ഒരു നാടിന്റെ ഗതികേടിൻ്റെ പര്യായമാണ് കാരാക്കോട് പനങ്ങാട് പ്രദേശം രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം അവഗണിക്കപ്പെടുന്ന ഈ നാട്ടിലും മനുഷ്യരാണ് ജീവിക്കുന്നത് എന്നത് ഇനിയെങ്കിലും ഇവർ മനസ്സിലാക്കണം.
കാഞ്ഞാങ്ങാട് നിന്ന് ഏകദേശം 15 കിലോമീറ്ററിന് ഉള്ളിൽ കിടക്കുന്ന പ്രദേശം. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല , കാരാക്കോടും പരിസര പ്രദേശങ്ങളും ഇന്നും ഒരു അൻപത് വർഷം പിറകിലാണ് തരിശുപാറ പ്രദേശത്ത് കുറെ സോളാർ പ്ലാൻറുകൾ വന്നതൊഴിച്ചാൽ ജനനിബിഢപ്രദേശങ്ങളിൽ യാതൊരു വികസനവും ഇല്ല. ഇതിന്റെ പ്രധാന കാരണം കാരക്കോട് പാലവും അപ്രോച്ച് റോഡും തന്നെ. മടിക്കൈ പഞ്ചായത്തിന്റെയും |കോടോംബേളൂർ പഞ്ചായത്തിന്റെയും അതിർത്തിയാണ് ഈ തോടും അതിന്റെ പാലവും അമ്പലത്തറ ഭാഗത്തുനിന്ന് വരുമ്പോൾ ഏകദേശം വെള്ളച്ചേരി കഴിഞ്ഞാൽ പിന്നെ നാം വർഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. റോഡുകൾ ടാർ ചെയ്ത കാലം മറന്നു പോയിരിക്കാം. ഒരു കടപോലും നല്ല വിധം ഇല്ലാത്ത നാടായി അധ:പതിച്ചിരിക്കുന്നു. നടന്നു പോലും പോകാൻ പറ്റാത്ത പല വഴികളും കാണാം. ഇതെല്ലാം ഉള്ളത് ദിനംപ്രതി വികസിക്കുന്നു എന്നു പറയുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് എന്ന് മറക്കരുത്.
കാരാക്കോട് പാലം രാഷ്ടീയ വിരോധങ്ങളുടെ ഒരു വിളനിലമായി ഇന്ന് മാറിക്കഴിഞ്ഞു. ഭരിക്കുന്ന പഞ്ചായത്തിനും അധികാരികൾക്കും ലാഭമില്ലാത്ത കച്ചവടമായി കാരാക്കോടും പാലവും മാറിയോ? കാസർഗോഡ് ജില്ലയുടെ പല കിഴക്കൻ പ്രദേശങ്ങളേയും കാഞ്ഞാങ്ങാടുമായി ബന്ധിപ്പിക്കുന്ന എളുപ്പമാർഗ്ഗമാണ് ഈ പാലം. പുതിയ പാലവും റോഡും വന്നാൽ നാട് വികസിക്കും, നാട്ടുകാർ വിക’സിക്കും. പലയിടത്തു നിന്നും ജനങ്ങൾ വരും. കടകളും ആശുപത്രിക്കും ബാങ്കുകളും മറ്റ് അവശ്യ ഘടകങ്ങളും വരും. ഇതൊന്നുമില്ലാതെ ഈ നാട്ടുകാർ എത്ര നാൾ ഇങ്ങനെ ജീവിക്കും. വികസന നായകന്മാർ എന്തുകൊണ്ട് ഇതിലേ സഞ്ചരിക്കുന്നില്ല. വോട്ട് വാങ്ങി പോകുന്നവർ എന്തുകൊണ്ട് ഈ നാടിനു വേണ്ടി ശബ്ദിക്കുന്നില്ല.
കാരാക്കോടിന്റെ 40 വർഷത്തെ കാത്തിരിപ്പിന് അവസാനമായി. 2018 ൽ മടിക്കൈ-റാക്കോൽ പള്ളം സോളാർ പാർക്ക് വഴി ആനക്കുഴിവരെ റോഡ് വികസനത്തിനും കാരാക്കോട് പാലത്തിനുമായി 20 കോടി രൂപ അനുവദിച്ചു. എന്നാൽ അത് വെറും പ്രഖ്യാപനം മാത്രമായിരുന്നു.
മടിക്കൈ ഗ്രാമപ്പഞ്ചായത്തിനെ കോടോം-ബേളൂർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കാരാക്കോട് ചാലിന് പാലംപണിയാൻ നാട്ടുകാർ പലതവണ നിവേദനങ്ങൾ നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് നബാർഡുമായി ചേർന്ന് ഏഴ് വർഷം മുമ്പ് ഫണ്ട് നീക്കിവെച്ചിരുന്നെങ്കിലും സാങ്കേതിക കുരുക്കിൽപ്പെട്ട് പദ്ധതിത്തുക നഷ്ടമായി. പാലം നിർമാണത്തിന് മുന്നോടിയായി പൈലിങ്ങും നടന്നിരുന്നു. അരനൂറ്റാണ്ടുമുമ്പ് കാരാക്കോട് ചാലിന് മൈനർ ഇറിഗേഷൻ പണിത തടയണയ്ക്ക് മുകളിലൂടെയാണ് ചെറുവാഹനങ്ങൾ കടന്നുപൊകുന്നത്. മഴക്കാലത്ത് മിക്കദിവസങ്ങളിലും തടയണ വെള്ളത്തിൽമുങ്ങി ഗതാഗതം തടസ്സപ്പെടും. പനങ്ങാട് എൽ.പി.യു.പി. സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സ്കൂളിലെത്താൻ കഴിഞ്ഞിരുന്നില്ല.
റാക്കോൽ മുതൽ കോടോം-ബേളൂരിലെ ആനക്കുഴിവരെ 7.9 കിലോമീറ്റർ റോഡ് വികസനത്തിന് 10 കോടിയും പാലത്തിന് 10 കോടിയുമാണ് അന്ന് അനുവദിച്ചത്. നിലവിലുള്ള തടയണയ്ക്ക് താഴെയാണ് പാലത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. തടയണയ്ക്ക് സമീപം മടിക്കൈ ഭാഗത്ത് റോഡ് തകർന്നുകിടക്കുകയാണ്. പാലം പൂർത്തിയായാൽ കാരാക്കോട്, വെള്ളച്ചേരി, ചുണ്ട, പട്ടത്തുംമൂല പ്രദേശത്തുകാർക്ക് മലയോരപ്രദേശങ്ങളായ തായന്നൂർ, കാലിച്ചാനടുക്കം ഭാഗത്തേക്ക് എളുപ്പം എത്തിച്ചേരാം. കോടോം-ബേളൂരിലെ പെരിയ, ആനക്കുഴി, തായന്നൂർ, എണ്ണപ്പാറ പ്രദേശത്തുകാർക്ക് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിലേക്കുള്ള ദൂരം ആറ് കിലോമീറ്റർ കുറയും.പാലം റോഡ് വികസനത്തിന് ഇൻവെസ്റ്റ്മെന്റ് എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നുവെങ്കിലും എല്ലാം ജലരേഖയായി 10 മീറ്റർ വീതിയാണ് റോഡ് വികസനത്തിന് ആവശ്യം. ഭൂമിയുടെ സമ്മതപത്രം ലഭിച്ചാലുടനെ എത്രയുംവേഗം നിർമാണത്തിനുള്ള അനുമതി ലഭിക്കുമെന്ന് മടിക്കൈ പഞ്ചാത്ത് പ്രസിഡന്റ് സി.പ്രഭാകരൻ അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.. കഴിഞ്ഞ ദിവസം നവീകരിച്ച മൈത്തടം -കാരാക്കോട് റോഡുദ്ഘാടനത്തിനെത്തിയ എംഎൽഎ ഇ ചന്ദ്രശേഖരന് മുന്നിൽ ജനങ്ങൾ തങ്ങളുടെ സങ്കടവും ഗതികേടും പ്രതിഷേധവും അറിയിച്ചു. എത്രയും വേഗം പാലം നിർമ്മാണത്തിനാവശ്യമായ കാര്യങ്ങൾ നടത്തുമെന്ന് എം എൽ എ നാട്ടുകാരോട് വ്യക്തമാക്കി. എം എൽ എ യോടെപ്പം പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മെമ്പർ, വാർഡ് മെമ്പർ തുടങ്ങിയവരുമുണ്ടായിരുന്നു.