ജയസൂര്യയുടെ ‘സണ്ണി’ ഡിജിറ്റല്‍ റിലീസിന്; ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തും
ജയസൂര്യ- രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ സണ്ണി ഡിജിറ്റല്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് ജയസൂര്യ റിലീസ് തിയതിയെക്കുറിച്ച് പറഞ്ഞത്. ചിത്രം സെപ്റ്റംബര്‍ 23ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. മലയാള സിനിമയില്‍ ഡിജിറ്റല്‍ റിലീസിങ്ങിന് തുടക്കമായത് തന്നെ 2020 ല്‍ പുറത്തിറങ്ങിയ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ ചിത്രത്തിലൂടെയാണ്. തിയേറ്ററുകള്‍ കോവിഡ് പ്രതിസന്ധിക്കു ശേഷം തുറന്നപ്പോഴും ആദ്യ റിലീസ് ചിത്രം ജയസൂര്യയുടെ ‘വെള്ളം’ ആയിരുന്നു. റിലീസ് വിശേഷം പങ്കിട്ടുകൊണ്ടു ജയസൂര്യ പറഞ്ഞ വാക്കുകള്‍ ചുവടെ:
“സിനിമയില്‍ 20 വര്‍ഷം, ഒരു വ്യവസായത്തെ 20 വര്‍ഷമായി ഞാന്‍ അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്നു. മികച്ച സംവിധായകര്‍, നിര്‍മ്മാതാക്കള്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരോടൊപ്പം 20 വര്‍ഷം. 20 വര്‍ഷത്തെ വളര്‍ച്ച. നിങ്ങളുടെ എല്ലാ സ്നേഹവും പിന്തുണയും കൊണ്ട് വിനീതമായ 20 വര്‍ഷം. നന്ദി.
ഈ 20 മനോഹരമായ വര്‍ഷങ്ങളില്‍, ഞാന്‍ തീരെ ചെറുതായൊന്നുമല്ല അനുഗ്രഹിക്കപ്പെട്ടത്. 100 സിനിമകളാല്‍ അനുഗ്രഹിക്കപ്പെട്ടു. 100 കഥാപാത്രങ്ങള്‍ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. 100 കഥകള്‍. എണ്ണമറ്റ ‘സ്റ്റാര്‍ട്ട്, ക്യാമറ, ആക്ഷനുകള്‍’, എണ്ണമറ്റ ‘കട്ട്സ്’. കൂടാതെ മനോഹരമായ എല്ലാ കാര്യങ്ങളുടെയും സമ്ബത്സമൃദ്ധിയുണ്ടായി.
ഈ മനോഹരമായ യാത്രയുടെ തുടക്കത്തില്‍, എന്റെ നൂറാമത്തെ സിനിമയായ സണ്ണി ഇവിടെ പ്രഖ്യാപിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സണ്ണി, എന്റെ മറ്റേതൊരു കഥാപാത്രത്തെയും പോലെ പ്രത്യേകതയുള്ളതാണെങ്കിലും ആശയം അത്രത്തോളം അദ്വിതീയമാണെന്നതിനാല്, ഇതിന് എന്റെ ഹൃദയത്തില്‍ കുറച്ചുകൂടി പ്രത്യേക സ്ഥാനമുണ്ടെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. 240 രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈം വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്ന സണ്ണി സെപ്റ്റംബര്‍ 23 ന് നിങ്ങളുടെയടുത്തെത്തും എന്ന് അറിയിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു,” ജയസൂര്യ കുറിച്ചു