ഐ പി എൽ തുടങ്ങുന്നതിനു മുമ്പ് ധോണിക്ക് തലവേദന തുടങ്ങി, മുംബയ്ക്കെതിരെ രണ്ട് മുൻനിര താരങ്ങൾ കളിക്കാൻ സാദ്ധ്യത കുറവ്
ചെന്നൈ: കൊവിഡ് കാരണം ഇടയ്ക്കു വച്ച് നിർത്തിയ ഐ പി എൽ ഞായറാഴ്ച തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്സിനും നായകൻ മഹേന്ദ്ര സിംഗ് ധോണിക്കും കൂടുതൽ കുരുക്ക്. ഐ പി എല്ലിലെ ഡെർബി എന്ന് വരെ വിശേഷിപ്പിക്കപ്പെടുന്ന സി എസ് കെ – മുംബയ് ഇന്ത്യൻസ് മത്സരത്തോടെയാണ് ഐ പി എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. എന്നാൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ചെന്നൈയുടെ പ്രധാന താരങ്ങളിലൊരാളായ സാം കരൻ കളിക്കില്ല. കഴിഞ്ഞ ദിവസം ഐ പി എൽ മത്സരവേദിയായ ദുബായിയിൽ എത്തിയ ചെന്നൈ ടീമിന്റെ കൂടെ സാം കരൻ ഉണ്ടായിരുന്നില്ല. ഇംഗ്ളണ്ട് താരം ഉടനെ തന്നെ ടീമിനോടൊപ്പം ചേരുമെന്നാണ് അന്ന് ടീം മാനേജർ മാദ്ധ്യമങ്ങളോട് പറഞ്ഞത്.മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിനു മുമ്പ് തന്നെ സാം കരൻ ടീമിനോടൊപ്പം ചേർന്നാലും ആദ്യ മത്സരത്തിൽ കളിക്കുന്നത് ഇനി ബുദ്ധിമുട്ടായിരിക്കും. യു എ ഇയിലെ നിർബന്ധിത ക്വാറന്റൈൻ കാലാവധിയായ ആറു ദിവസത്തിനുള്ളിലായിരിക്കും മത്സരം നടക്കുക എന്നതാണ് ഇതിന് കാരണം. എന്നാൽ ഇനിയും ടീമിനോടൊപ്പം ചേരാനുള്ള ഇമ്രാൻ താഹിർ, ഫാഫ് ഡു പ്ളെസിസ്, ഡ്വെയിൻ ബ്രാവോ എന്നിവർക്ക് യു എ ഇയിലെ നിർബന്ധിത ക്വാറന്റൈൻ നിയമം ബാധകമായേക്കില്ലെന്നാണ് അറിവ്. കരിബീയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഈ താരങ്ങൾ അവിടെ ബബിൾ സോണിലായിരുന്നതിനാൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിലൂടെ ടീമിനോടൊപ്പം ചേരാൻ സാധിക്കുമെന്ന് സി എസ് കെ അധികൃതർ വ്യക്തമാക്കി.ദക്ഷിണാഫ്രിക്കൻ താരമായ ഫാഫ് ഡു പ്ലെസിസിന്റെ പരിക്കാണ് സി എസ് കെയെ അലട്ടുന്ന മറ്റൊരു പ്രശ്നം. സി പി എല്ലിൽ കളിക്കുന്നതിനിടെ തുടയിലെ പേശികൾക്ക് മാരകമായി പരിക്കേറ്റ ഡുപ്ലെസിസ് ഇതുവരെയായും മത്സരരംഗത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. താരത്തിന് എന്ന് കളത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർക്കും കൃത്യമായ ധാരണയില്ലെന്നത് പ്രശ്നം ഗുരുതരമാക്കുന്നു.ടീമിലെ രണ്ട് മുൻനിര താരങ്ങളുടെ അഭാവം സി എസ് കെയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.