സുങ്കതകട്ട തിമിരടുക്ക സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ മഞ്ചേശ്വരം പൊലീസ് പിടികൂടി. സുങ്കത കട്ടയിലെ ബഷീര്‍, നൗഷാദ് എന്നിവരെയാണ് മഞ്ചേശ്വരം സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കാറിലെത്തിയ ആറംഗ സംഘം കുരുടപദവ് തിമിരടുക്ക സ്വദേശി അബ്ദുള്‍ റഹ്മാനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുങ്കതകട്ടയിലെ ബഷീര്‍, നൗഷാദ് എന്നിവരെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായായിരുന്നു സംഭവം. ബഷീറിന്റെ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ന്നിരുന്നു. ഇതിനു പിന്നില്‍ അബ്ദുല്‍ റഹ്മാനാണെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്. യുവാവിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം വളഞ്ഞിട്ട് മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് സംഘം യുവാവിനെ കാറില്‍ കയറ്റിക്കൊണ്ട് പോയത്. യുവാവിനെ തട്ടിക്കൊണ്ട് പോകുന്നത് തടയാന്‍ ശ്രമിച്ച യുവാവിന്റെ മാതാവിനും മര്‍ദ്ദനമേറ്റിരുന്നു. മര്‍ദിച്ചതിനുശേഷം സുങ്കതകട്ടയില്‍ കാറില്‍നിന്ന് അബ്ദുള്‍ റഹ്മാനെ ഇറക്കിവിടുകയായിരുന്നു. പിന്നീട് സാരമായ പരിക്കുകളേറ്റ അബ്ദുള്‍ റഹ്മാനെ പോലീസ് എത്തിയാണ് ആസ്പത്രിയിലേക്ക് മാറ്റിയത്. മഞ്ചേശ്വരം സി.ഐ സന്തോഷ് കുമാര്‍, എസ്.ഐ ഷറഫുദീന്‍ സിനിയര്‍ സി.പി.ഒ മാരായ സന്തോഷ് ഡോണ്‍,രാജേഷ് , പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രതികളെ കോടതിയില്‍ ഹാജരാക്കി. അക്രമ സാഹചര്യം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് ഉടനടി നടപടി സ്വകരിക്കുമെന്ന് കാര്‍ഗോഡ് ഡി.വൈ.എസ്.പി പി ബാലകൃഷന് നായര്‍ അറിയിച്ചു.