കാക്കനാട് ലഹരിക്കേസ്: ഒരാൾകൂടി അറസ്റ്റിൽ
കൊച്ചി: കാക്കനാട്ട് കോടികളുടെ മാരക മയക്കുമരുന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. മയക്കുമരുന്ന് വിൽപനയിൽ പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ആമ്പല്ലൂർ ചാലക്കപ്പാറ സ്വദേശി ഷിഫാൻ താജാണ് (23)എക്സൈസ് ക്രൈംബ്രാഞ്ചിെൻറ പിടിയിലായത്. ഒന്നാം പ്രതിയുമായി ഇയാൾ സാമ്പത്തിക ഇടപാട് നടത്തിയത് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ ടി.എസ്. കാസിം ‘മാധ്യമ’ത്തോട് പറഞ്ഞു. മയക്കുമരുന്ന് വാങ്ങാനാണ് ഇയാൾ പ്രതികൾക്ക് പണം നൽകിയതെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
പ്രതികളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയം തോന്നിയവരെ കൊച്ചിയിലെ എക്സൈസ് ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരുകയായിരുന്നു. ഏതാനും ദിവസങ്ങളായി നടക്കുന്ന ചോദ്യം ചെയ്യൽ വരും ദിവസങ്ങളിലും തുടരും.
ഷിഫാൻ രണ്ട് വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്ന് പണം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പണം എന്തിനാണ് അയച്ചുനൽകിയതെന്ന ചോദ്യത്തിലാണ് പ്രതി കുടുങ്ങിയത്. കാമയക്കുമരുന്ന് കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ പ്രതിയാണ് ഷിഫാൻ.