ആ പണം തിരിച്ച് തരില്ല, അത് മോദി അയച്ചതാണ്’; അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ച് യുവാവ്
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച പണമാണെന്ന് പറഞ്ഞ് അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം തിരികെ നൽകാൻ വിസമ്മതിച്ച് യുവാവ്. ബിഹാറിലെ ഖകാരിയ സ്വദേശിയായ രഞ്ജിത് ദാസിന്റെ അക്കൗണ്ടിലാണ് ഗ്രാമീണ ബാങ്ക് ഉദ്യോസ്ഥരുടെ പിഴവിന്റെ ഫലമായി 5.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടത്.
പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് ബാങ്ക് നിരവധി നോട്ടീസുകൾ അയച്ചെങ്കിലും താൻ ചെലവഴിച്ചുവെന്നായിരുന്നു ദാസിന്റെ മറുപടി.
‘ഇൗ വർഷം മാർച്ചിൽ പണം ലഭിച്ചപ്പോൾ ഞാൻ ഭയങ്കര സന്തോഷത്തിലായി. ഓരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നുവെല്ലോ. അതിന്റെ ആദ്യ ഗഡുവാണിതെന്ന് കരുതി എല്ലാം ഞാൻ ചെലവാക്കി. ഇപ്പോൾ എന്റെ അക്കൗണ്ടിൽ പണമൊന്നുമില്ല’ -ദാസ് പൊലീസിനോട് പറഞ്ഞു.
ബാങ്കിന്റെ പരാതിയിൽ ദാസിനെ അറസ്റ്റ് ചെയ്തതായി മാൻസി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.