അപകടാവസ്ഥയിലുള്ള വാണിയംപാറ അളളങ്കോട് പാലം അടിയന്തിരമായി പൊളിച്ചു മാറ്റി പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി
അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്തിലെ 2, 3, 21 വാർഡുകളെ ബന്ധിപ്പിക്കുന്ന വാണിയംപാറ അള്ളങ്കോട് പാലം നാല്പത് വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ മുൻകൈയിൽ ജനകീയ കൂട്ടായ്മയാണ് നിർമ്മിച്ചത്. അന്ന് 2.5 മീറ്റർ വീതിയിലുള്ള നടപ്പാലം ആയിട്ടാണ് അതിന്റെ നിർമ്മാണം നടത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ കാലവർഷത്തിൽ ഈ പാലത്തിന്റെ രണ്ട് ഭാഗങ്ങളും തകരുന്ന സ്ഥിതിയുണ്ടായി. മാത്രവുമല്ല ഇതിന്റെ തൂണുകൾ ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചു നേരത്തെ തന്നെ കാഞ്ഞങ്ങാട് എം.എൽ എ ഇ ചന്ദ്രശേഖരൻ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ നിർദ്ദിഷ്ട ജലപാതയുടെ ഭാഗമായി വരുന്നതിനാൽ അതിന്റെ ഭാഗമായി പാലം പണിയും എന്നാണ് മറുപടി ലഭിച്ചത്. നിർദ്ദിഷ്ട ജലപാതയുടെ ആദ്യ റീച്ച് അരയി പാലം വരെ പൂർത്തീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അള്ളങ്കോട് പാലം നിർമ്മാണത്തിന് കാലതാമസമുണ്ടാകും എന്നത് കൊണ്ടാണ് അപകടാവസ്ഥ പരിഗണിച്ച് ആദ്യ റീച്ചിൽ തന്നെ പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നിവേദനം നൽകിയത്. നിവേദനം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന് കൈമാറി. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.