അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്ററിലേക്ക് പോയത് -വി.ഡി. സതീശൻ
കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശൻ. കെ. കരുണാകരൻ പോയിട്ടും കോൺഗ്രസിനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞു. അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്ററിലേക്ക് പോയതെന്നും സതീശൻ പറഞ്ഞു.
അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. പാർട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനിൽകുമാറിന്റെ മറുപടിയെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ.പി.സി.സിയുടെ സംഘടന ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസം സി.പി.എമ്മിൽ ചേർന്നിരുന്നു. പാർട്ടിബന്ധം അവസാനിപ്പിക്കും മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ അനിൽകുമാർ കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു.