ലീഗ് വിടില്ല, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്-ഫാത്തിമ തെഹ്ലിയ
കോഴിക്കോട്: മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തെഹ്ലിയ. കഴിഞ്ഞദിവസം ഇവരെ എം.എസ്.എഫിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഫാത്തിമ പാര്‍ട്ടി വിടുമെന്ന് വാര്‍ത്തകളും പുറത്തെത്തി. ഇതിനോടുള്ള പ്രതികരണമാണ് ഫാത്തിമ ഇപ്പോള്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നടത്തിയിരിക്കുന്നത്.
‘മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്’.-തെഹ്ലിയ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഹരിത വിഷയത്തില്‍ പാര്‍ട്ടി നടപടിക്ക് വിധേയ ആയ ഫാത്തിമ തെഹ്ലിയ ലീഗ് വിട്ടേക്കുമെന്ന പ്രചാരണങ്ങളോടുള്ള പ്രതികരണമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്