ഒരു സെന്റ് ഭൂമിയെന്ന സ്വപ്നം കണ്ട ജില്ലയിലെ 589 പേര്‍ക്കാണ് പട്ടയമേളയില്‍ ഭൂമി സ്വന്തമായത്
കാസര്‍കോട് :വര്‍ഷങ്ങളായി കൈവശം വെച്ച ഭൂമി സ്വന്തമാക്കുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു കാസര്‍കോട് കളക്ടറേറ്റിലെ പട്ടയ വിതരണ മേളയില്‍ എത്തിയ ഒരോരുത്തരും. സ്വന്തമായി ഒരു സെന്റ് ഭൂമിയെന്നത് സ്വപ്നം കണ്ട ജില്ലയിലെ 589 പേര്‍ക്കാണ് പട്ടയമേളയില്‍ ഭൂമി സ്വന്തമായത്. കേരള ഭൂപതിവ് ചട്ടപ്രകാരം കാസര്‍കോട് താലൂക്കില്‍ 86 പട്ടയങ്ങളും മഞ്ചേശ്വരം താലൂക്കില്‍ 17 പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂക്കില്‍ 47 പട്ടയങ്ങളും ഹോസ്ദുര്‍ഗ് താലൂക്കില്‍ 52 പട്ടയങ്ങളുമാണ് വിതരണം ചെയ്യുന്നത്. മുന്‍സിപ്പല്‍ പട്ടയം വിഭാഗത്തില്‍ കാസര്‍കോട് നഗരസഭയില്‍ 11 പട്ടയങ്ങള്‍ വിതരണം ചെയ്യും. ക്രയവിക്രയ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 229 പട്ടയങ്ങളും മിച്ചഭൂമി വിഭാഗത്തില്‍ 72 പട്ടയങ്ങളും ദേവസ്വം വിഭാഗത്തില്‍ 75 പട്ടയങ്ങളും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലൂടെ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.
കിടപ്പ് രോഗിയായ ദേവകിയുടെ വീട്ടില്‍ പട്ടയമെത്തി
കാസര്‍കോട് കളക്ടറേറ്റിലെ പട്ടയമേളയിലെത്താന് സാധിക്കാത്ത കുറിച്ചിനടുക്കത്തെ ദേവകിക്ക് വില്ലേജ് ഓഫീസര്‍ വീട്ടിലെത്തി പട്ടയം നല്കി. 50 വര്‍ഷമായി വീട് വെച്ച് താമസിച്ചു വരുന്ന 15 സെന്റ് ഭൂമിയുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിനിടെ ഭര്‍ത്താവ് കണ്ണന്‍നായര്‍ മരണപ്പെട്ടു. ക്യാന്‍സര്‍ രോഗിയായ ദേവകിക്ക് പട്ടയം വാങ്ങാനെത്താന്‍ സാധിക്കാത്തതിനാല്‍ ബേഡഡുക്ക വില്ലേജ് ഓഫീസര്‍ ഗണേഷ് ഷേണായി വെള്ളിയാഴ്ച കുറിച്ചിനടുക്കത്തെ വീട്ടിലെത്തി പട്ടയം കൈമാറുകയായിരുന്നു
കുഞ്ഞിരാമനും ശ്യാമളയ്ക്കും കിട്ടി 14 സെന്റ് ഭൂമി
കൊളത്തൂര്‍ അഞ്ചാം മൈയിലിലെ കുഞ്ഞിരാമനും ശ്യാമളയ്ക്കും പട്ടയമേളയില്‍ 14 സെന്റ് ഭൂമി ലഭിച്ചു. ഏഴ് വര്‍ഷമായി ഷെഡ് കെട്ടി താമസിച്ചു വരുന്ന മണ്ണ് ഇനി ഈ ദമ്പതികള്‍ക്ക് സ്വന്തം. കൂലിപ്പണിക്കാരായ കുഞ്ഞിരാമനും ശ്യാമളയും മലവേട്ടുവ സമുദായക്കാരാണ്. പട്ടയമേളയില്‍ തങ്ങള്‍ക്ക് സ്വന്തമായി ഭൂമി കിട്ടിയ സന്തോഷത്തിലായിരുന്നു ഈ കടുംബം.
25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സത്യവതിക്കും ശ്രീധരനും പട്ടയമായി
ബേളയിലെ സത്യവതിയും ശ്രീധരനും സന്തോഷത്തിലാണ്. 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് വീടിനും സ്ഥലത്തിനും പട്ടയമായി. കൂലിപ്പണിക്കാരനായ ശ്രീധരനും ഭാര്യയും മക്കളും അമ്മയും ചേര്‍ന്നതാണ് കുടുംബം. ബദിയഡുക്ക പഞ്ചായത്ത് പരിധിയിലെ താമസക്കാരായ ഇവര്‍ക്ക് പട്ടയമേളയില്‍ 15 സെന്റ് സ്ഥലത്തിനുള്ള പട്ടയമാണ് ലഭിച്ചത്. കുടികിടപ്പ് അവകാശം ലഭിച്ച ഭൂമിയ്ക്ക് പട്ടയം ലഭിക്കാനായി 2008 മുതല്‍ കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. 2017 ല്‍ നല്കിയ അപേക്ഷയില്‍ തങ്ങള്‍ക്ക് പട്ടയം അനുവദിച്ച സര്‍ക്കാറിന് നന്ദി പറഞ്ഞാണ് ശ്രീധരനും സത്യവതിയും വേദി വിട്ടത്.
ഫോട്ടോ അടിക്കുറിപ്പ് (സത്യാവതി)
വാസുദേവന്റെ 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം
30 വര്‍ഷത്തിന് ശേഷം ഭൂമിക്ക് അവകാശം ലഭിച്ച സന്തോഷത്തിലാണ് കുണ്ടംകുഴി നെടുംബയലിലെ എന്‍. വാസുദേവനും ഭാര്യ കെ. സരോജിനിയും കളക്ടറേറ്റില്‍ നിന്നും മടങ്ങിയത്. സ്വന്തം പുരയിടത്തിന്റെ പട്ടയത്തിനായി വാസുദേവന്‍ മുട്ടാത്ത വാതിലുകളില്ല. ഇതിനിടയില്‍ വിധി വാഹനാപകടത്തിന്റെ രൂപത്തില്‍ ജീവിതത്തെയും തകര്‍ത്തു. ചുമട്ടുതൊഴിലാളിയായിരുന്ന വാസുദേവന്‍ പിന്നെ തൊഴിലെടുക്കാന്‍ കഴിയാതായി. ലോട്ടറി വിറ്റ് ഉപജീവനം നടത്തുമ്പോഴാണ് ഇവര്‍ക്ക് പട്ടയം ലഭിക്കുന്നത്. 2010 ല്‍ വീടിരിക്കുന്ന സ്ഥലത്തിന് എല്‍.എ നമ്പര്‍ കിട്ടിയതോടെയാണ് പട്ടയം ലഭ്യമാക്കുന്ന നടപടികള്‍ക്ക് വേഗം വെച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ പട്ടയം ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് വാസുദേവന്റെ കണ്ണ് നിറഞ്ഞിരുന്നു,
സ്വന്തം ഭൂമിയായി, ഹരിണാക്ഷിക്ക് ഇനി വീട് വെക്കണം
വാടകവീടുകള്‍ മാറിമാറിക്കഴിയേണ്ടുന്ന അവസ്ഥക്ക് ഇനിയെങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചൗക്കി ബെദ്രടുക്കയിലെ ഹരിണാക്ഷി. 29 വര്‍ഷമായി ഹരിണാക്ഷിയും മക്കളും വാടകവീടുകളിലാണ് കഴിയുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഭവന പദ്ധതികള്‍ക്ക് പുറത്തായിരുന്നു ഇവര്‍. ഒരു വീട് നിര്‍മ്മിക്കാനുള്ള ഭൂമി ലഭ്യമാക്കണമെന്ന ഹരിണാക്ഷിയുടെ അപേക്ഷയാണ് സര്‍ക്കാരിന്റെ പട്ടയമേളയില്‍ തീര്‍പ്പായത്. ചൗക്കി ഉജിറക്കോളയില് മൂന്ന് സെന്റ് ഭൂമി ഇനി ഇവര്‍ക്ക് സ്വന്തം. മാനസിക വെല്ലുവിളി നേരിടുന്ന 26കാരനായ മകന് പുഷ്പരാജിനൊപ്പമെത്തി പട്ടയം സ്വീകരിക്കുന്ന നിമിഷത്തില്‍ ഇവര്‍ അത്രയേറെ ആഹ്ലാദിച്ചു. ഇനി സര്‍ക്കാര്‍ പദ്ധതിയില്‍ ഒരു വീട് കൂടി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഹരിണാക്ഷി പട്ടയമേളയില്‍ നിന്നും മടങ്ങിയത്.
35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സാവിത്രിക്ക് ഇനി ആശ്വസിക്കാം
സങ്കടങ്ങള്‍ക്ക് വിരാമമിട്ട് സര്‍ക്കാരിന് നന്ദി പറഞ്ഞ് സാവിത്രി. 35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ നടന്ന പട്ടയമേളയില്‍ സാവിത്രിയ്ക്കും കുടുംബത്തിനും പട്ടയം ലഭിച്ചു്. കള്ളാര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന സാവിത്രി കഴിഞ്ഞ 35 വര്‍ഷമായി കൈവശമുള്ള ഒരേക്കര്‍ ഭൂമിക്ക് വേണ്ടിയുള്ള പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല. കൂലിപ്പണിയെടുത്ത് ഉപജീവനം കഴിച്ചുപോകുന്ന സാവിത്രിയ്ക്കും കുടുംബത്തിനും കാലങ്ങളായി താമസിച്ചു വരുന്ന വീടും സ്ഥലവും സ്വന്തമായതിന്റെ ആശ്വാസം പറഞ്ഞറിയിക്കാനായില്ല. സര്‍ക്കാരിന്റെ ആശ്വസ നടപടിയില്‍ നന്ദിപറയുമ്പോള്‍ സാവിത്രിയുടെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു
വിലാസിനിയ്ക്ക് ഇനി ആശ്വാസത്തിന്റെ നാളുകള്‍
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്വന്തമായി ഭൂമി ലഭിച്ചത്തിന്റെ സന്തോഷത്തിലാണ് കരിന്തളം പഞ്ചായത്തിലെ താഴെ പരപ്പയില്‍ താമസിക്കുന്ന വിലാസിനി. വര്‍ഷങ്ങളായി വാടക വീട്ടില്‍ എന്തിയുറങ്ങിയ വിലാസിനിക്ക് ഇനി സ്വന്തമായി കിട്ടിയ ഭൂമിയില്‍ ഒരു കുഞ്ഞു വീട് പണിയാനാണ് ആഗ്രഹം.. ഭര്‍ത്താവ് മരിച്ച ശേഷം വിലാസിനി കൂലി പണിയെടുത്താന്‍ ഉപജീവനം നടത്തുന്നത് എന്നാല്‍ ഇപ്പോള്‍ ശാരീരിക അസ്വസ്ഥകള്‍ മൂലം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു നേരത്തെ അന്നത്തിനായി നെട്ടോട്ടം ഓടുമ്പോഴും സ്വന്തമായി ഒരു തുണ്ട് ഭൂമി വലിയ സ്വപനമായിരുന്നെന്ന് ഇടറുന്ന സ്വരത്തില്‍ വിലാസിനി പറയുന്നു. ഇനി സ്വന്തമായി കിട്ടിയ ഭൂമിയില്‍ ഒരു കൊച്ച് വീട് പണിത് ആരെയും പേടിക്കാതെ വിലാസിനിക്ക് അന്തിയുറങ്ങണം