50 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; വൈകി വന്ന മധുരമായി ശാരദയ്ക്ക് പട്ടയം
കാസർകോട് : കുണ്ടാര്‍ ബള്ളക്കാടിലെ 60 പിന്നിട്ട ശാരദയും മകന് രവിയും 150 വര്‍ഷത്തോളമായി തലമുറകളായി കുടുംബം അനുഭവിച്ചു വരുന്ന ഭൂമിയുടെ പട്ടയത്തിനായാണ് കളക്ടറേറ്റിലെ പട്ടയ വിതരണ വേദിയിലെത്തിയത്. ശാരദ കല്യാണം കഴിച്ച് കയറി വന്ന വീട്, അഞ്ച് മക്കളുടെ പിറവിയ്ക്കും അവരുടെ വളര്‍ച്ചയ്ക്കും വിവാഹത്തിനുമെല്ലാം സാക്ഷിയായ വീട്, ജീവിതത്തിന്റെ സ്വപ്നങ്ങളും നിറങ്ങളും നിറച്ച വീടും 49 സെന്റ് സ്ഥലവും ഇനി ശാരദയ്ക്ക് സ്വന്തം. പട്ടയത്തിനായുള്ള കാത്തിരിപ്പിനിടെ 2008ല്‍ ശാരദയുടെ ഭര്‍ത്താവ് കൃഷ്ണ നായ്ക് മരണപ്പെട്ടു. ഒന്നിച്ചു കണ്ട സ്വപ്ന സാക്ഷാത്കാരത്തിന് പ്രിയപ്പെട്ടവന് ഒപ്പമില്ലെങ്കിലും മകന് രവിയുടെ കൈപിടിച്ച് ശാരദ പട്ടയം ഏറ്റുവാങ്ങി.
ശാരദയുടെ ഭര്‍ത്താവ് കൃഷ്ണ നായ്കിന്റെ അച്ഛന് കുടികിടപ്പായി കെട്ടിയ സ്ഥലത്താണ് ഓട് മേഞ്ഞ വീടു കെട്ടിയത്. കശുമാവിന് തൈകളും കവുങ്ങിന് തൈകളും തെങ്ങുമെല്ലാം വെച്ച് അവിടെ താമസമായി. അങ്ങനെ തലമുറകളായി വര്‍ഷങ്ങള്‍ കടന്നു പോയി. ഇനി വീടും സ്ഥലവും ശാരദയുടേതാണ്. വൈകിയെത്തിയ സന്തോഷത്തില്‍ ശാരദയുടെ വാക്കുകള്‍ക്ക് കൂടുതല്‍ തെളിച്ചം. തങ്ങള്‍ക്ക് പട്ടയം അനുവദിച്ച സര്‍ക്കാറിന് നിറമനസ്സാലെ നന്ദി പറഞ്ഞ ശേഷമാണ് അവര്‍ പട്ടയ വേദിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.