ഏഴു മാസത്തിനിടെ മതം മാറിയവരില്‍ കൂടുതലും ഹിന്ദുക്കള്‍; 105 പേര് ക്രിസ്തുമതവും 115 പേര് ഇസ്ലാം മതവും സ്വീകരിച്ചു, ഇസ്ലാം മതത്തിലേക്ക് മാറിയത് 45 ക്രൈസ്തവര്‍; രേഖകള്‍ സര്‍ക്കാര്‍ ഗസറ്റില്‍
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ അവസാനം വരെ മതംമാറിയവരില്‍ കൂടുതലും ഹിന്ദുക്കള്‍. ക്രിസ്തുമതം വിട്ടവര്‍ ഏറെയും എത്തിയതു ഹിന്ദുമതത്തില്‍. സംസ്ഥാന സര്‍ക്കാര്‍ ഗസറ്റിലാണ് ഈ കണക്കുള്ളത്.
ഹിന്ദുമതത്തില്‍നിന്നാണ് ഏറ്റവുമധികം ആളുകള്‍ മറ്റു മതവിശ്വാസങ്ങള്‍ സ്വീകരിച്ചത്, 220 പേര്. 105 പേര് ക്രിസ്തുമതവും 115 പേര് ഇസ്ലാം മതവും സ്വീകരിച്ചു. ഇക്കാലയളവില്‍ ഇസ്ലാം മതം ഉപേക്ഷിച്ചത് 18 പേര്. 15 പേര് ഹിന്ദുമതത്തിലേക്കും മൂന്നു പേര് ക്രിസ്തുമതത്തിലേക്കും മാറി.
ഹിന്ദുമതത്തിലേക്കുതന്നെയാണ് കൂടുതല്‍ മതംമാറ്റവും നടന്നിട്ടുള്ളത്. ക്രിസ്തുമതത്തില്‍നിന്നും ഇസ്ലാം മതത്തില്‍നിന്നും ഇക്കാലയളവില്‍ ഹിന്ദുമതത്തിലെത്തിയത് 181 പേരാണ്. ഇതില്‍ 166 പേര് ക്രിസ്തുമതം വിട്ടുവന്നപ്പോള്‍ 15 പേരാണ് ഇസ്ലാം മതം ഉപേക്ഷിച്ചു ഹിന്ദുമതത്തിലെത്തിയത്.
ഇക്കാലയളവില്‍ 211 ക്രൈസ്തവരാണ് മറ്റു മതവിശ്വാസങ്ങള്‍ സ്വീകരിച്ചത്. ഇവരില്‍ 45 പേര് ഇസ്ലാം മതത്തിലേക്കു പോയി. മതംമാറിയവരില്‍ 145 പേര് ദളിത് ക്രൈസ്തവരാണ്. ഹിന്ദുമതത്തിലേക്കു മാറിയ ക്രൈസ്തവരില്‍ 122 പേരും ക്രിസ്ത്യന്‍ പുലയ, ക്രിസ്ത്യന്‍ സാംബവ, ക്രിസ്ത്യന്‍ ചേരമര്‍ സമുദായങ്ങളില്‍നിന്നുള്ളവരാണ്. സര്‍ക്കാര്‍ ഗസറ്റിലെ വിജ്ഞാപനമാണ് പേരുമാറ്റം, മതംമാറ്റം തുടങ്ങിയ നടപടികളുടെ അവസാന പടി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.gazette.kerala.gov.in ലാണ് ഈ രേഖകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.