അമ്പലപ്പുഴ: ദളിത് യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗം അജീഷിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. എട്ടാം വാർഡിലെ ദളിത് യുവതിയെയാണ് രണ്ട് മാസം മുൻപ് പഞ്ചായത്തംഗം ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചത്. തുടർന്ന് യുവതി അമ്പലപ്പുഴ പോലീസിൽ പഞ്ചായത്തംഗത്തിനെതിരെ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.
തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിക്കു ശേഷമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. ഇതിനിടയിൽ പഞ്ചായത്തംഗം ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം തള്ളിയിരുന്നു. ഇതിന് ശേഷം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളി. ഇതോടെ ഇനി അറസ്റ്റ് ചെയ്യേണ്ട സ്ഥിതിയിലാണ് പോലീസ്.