പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയാറല്ല’- കെ.പി അനിൽകുമാർ കോൺഗ്രസ് വിട്ടു
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.പി അനിൽകുമാർ രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരനും രാജിക്കത്ത് അയച്ചു നൽകിയതായി വാർത്താസമ്മേളനത്തിൽ കെ.പി അനിൽകുമാർ അറിയിച്ചു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു.
പാർട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ ഞാൻ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനിൽകുമാർ രാജി പ്രഖ്യാപിച്ചത്.
പാർട്ടിയുടെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് സംസാരിച്ചത്. നീതി നിഷേധത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇപ്പോഴും ആ അഭിപ്രായ പ്രകടനത്തിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ രൂക്ഷമായ ഭാഷയിലാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമർശിച്ചത്.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി അനിൽകുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. വിശദീകരണം നൽകിയിട്ടും അച്ചടക്കനടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലും ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു