കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുന്നു,തീരുമാനം തനിക്കെതിരെ അച്ചടക്കനടപടി പിന്വലിക്കാത്തതിലുള്ളഅതൃപ്തി
തിരുവനന്തപുരം: ഡി സി സി ഭാരവാഹികളുടെ നിയമന വിവാദത്തില്‍ പരസ്യപ്രതികരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ പി അനില്‍കുമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. പരസ്യ പ്രതികരണത്തിന് നിലവില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്ഷന് നടപടി നേരിടുന്ന അനില്‍കുമാര്‍ ഇന്ന് രാവിലെ 11 മണിക്ക് പത്രസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതില്‍ രാജി പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സസ്പെന്റ് ചെയ്യപ്പെട്ടതിനു ശേഷവും പരസ്യപ്രസ്താവന നടത്തിയതിന് കെ പി അനില്‍കുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ അനില്‍കുമാര്‍ നല്കിയ വിശദീകരണത്തില്‍ സംസ്ഥാന നേതൃത്വം തൃപ്തരായിരുന്നില്ല. ഇതിനെതുടര്‍ന്ന് അനില്‍കുമാറിനെതിരെ കടുത്ത നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനു മുമ്പായി തന്നെ രാജി വയ്ക്കാനുള്ള തീരുമാനം നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ് അനില്‍കുമാര്‍.അതേസമയം മുതിര്‍ന്ന നേതാക്കന്മാര്ക്കെതിരെ പ്രസ്താവന നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്റെയും സസ്പെന്‍ഷനില്‍ കഴിയുന്ന ശിവദാസന്‍ നായരുടേയും വിശദീകരണത്തില്‍ സംസ്ഥാന നേതൃത്വത്തിന് തൃപ്തിയുണ്ട്. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് രാജ്മോഹന്‍ ഉണ്ണിത്താനോട് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടത്. ഇനി മേലില്‍ കടുത്ത രീതിയിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.തന്റെ വാക്കുകള്‍ സദുദ്ദേശപരമായിരുന്നു എന്ന വിശദീകരണമാണ് ശിവദാസന്‍ നായര്‍ നല്‍കിയത്. ഇതും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്.