നീലേശ്വരത്തെ കുഞ്ഞിമംഗലം ജ്വല്ലറി കവര്‍ച്ച; പ്രതികളെ കുറിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചതായി പൊലീസ്
നീലേശ്വരം: നീലേശ്വരം കുഞ്ഞിമംഗലം ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമിച്ച പ്രതികളെ കുറിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചു. ഹൊസ്ദുര്‍ഗ്ഗ് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നീലേശ്വരം ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സൂചന ലഭിച്ചത്. ഒന്നര ലക്ഷം രൂപ വിലവരുന്ന അത്യാധുനിക രീതിയിലുള്ള ഇലക്ട്രിക്കല്‍ കട്ടിംഗ് മെഷീന് ജ്വല്ലറിയില്‍ കണ്ടെത്തിയിരുന്നു. ഈ മെഷീന് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മോഷ്ടാക്കളിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കിയത്.
ബംഗ്ലൂരുവിലെ സ്വകാര്യ കമ്പനിയാണ് പ്രസ്തുത ഉപകരണത്തിന്റെ നിര്‍മ്മാതാക്കള്‍. കമ്പനി ഇതിനകം ഇത്തരത്തിലുള്ള 35 യന്ത്രങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇവയില്‍ ഒന്നു പോലും കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കര്‍ണ്ണാടകയില്‍ വില്പന നടത്തിയ മെഷീനാണ് ജ്വല്ലറി കൊള്ളയ്ക്ക് ഉപയോഗിച്ചത്. അന്തര്‍ സംസ്ഥാന പ്രൊഫഷണല്‍ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന സൂചനയും ഇതുവഴി അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ജ്വല്ലറി കൊള്ളയടിക്കാനുള്ള ശ്രമം ഉണ്ടായത്.