പാലാ ബിഷപിന്റെ പരാമര്‍ശം: രാഷ്ട്രീയ മുതലെടുപ്പിന് ബിജെപിയില്ല; ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രന്
കോട്ടയം: പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി തയാറല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. എന്നാല്‍ ഒരു വസ്തുത പറഞ്ഞുവെന്നതിന്റെ പേരില്‍ ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി തയാറല്ല. പാലാ ബിഷപ് പറഞ്ഞത് പ്രസക്തമായ വിഷയമാണ്. നാര്‍ക്കോട്ടിക് ജിഹാദ് ലോകം മുഴുവനുമുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഈരാറ്റുപേട്ടയില്‍ നിന്നും ഗുണ്ടകള്‍ എത്തി പാലായില്‍ ഭീഷണി മുഴക്കിയാല്‍ ബിജെപി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സമൂഹം സമാധാനപ്രിയരായ ആള്‍ക്കാരാണ്. ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വിചാരണം ഇനിയാര്‍ക്കും വേണ്ടെന്നും പാലാ ബിഷപ്പിനെ കാണാന്‍ സമയം ചോദിച്ചിരുന്നില്ലെന്നും കെ.സുരേന്ദ്രന് വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം പാലാ അരമനയിലെത്തി ബിഷപിനെ കണ്ടു. സമുദായത്തിന്റെ ആശങ്ക അദ്ദേഹം പങ്കുവച്ചെന്നും തങ്ങളുടെ പിന്തുണ അദ്ദേഹത്തെ അറിയിച്ചതായും കൃഷ്ണദാസ് പറഞ്ഞൂ.