മുടി മുറിച്ചതിന് 37,000 രൂപയോളം ടിപ്പ് നൽകി യുവാവ്; വികാരാധീനയായ ഹെയർഡ്രെസ്സറുടെ പ്രതികരണം വൈറല്‍- വീഡിയോ
ഒരു ഹെയർഡ്രെസ്സർ ആയി ജോലി ചെയ്യുന്ന സ്ത്രീക്ക് അപ്രതീക്ഷിതമായി ലഭിച്ച ടിപ്പിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. റെഡിറ്റിൽ ചൊവ്വാഴ്ചയാണ് 59 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ മുടി വെട്ടാൻ ഒരാൾ യുവതിയുടെ കസേരയിൽ ഇരിക്കുന്നത് കാണാം. 20 വർഷമായി ഹെയർഡ്രെസ്സറായി ജോലി ചെയ്യുകയാണെന്ന് യുവതി വീഡിയോയിൽ പറയുന്നത് കേൾക്കാം.
അവിടെത്തിയ ഒരാൾ മുടിവെട്ടാൻ ആവശ്യപ്പെടുന്നു, മുടിയുടെ ഒരു ചെറിയ ഭാഗം മുറിച്ചു മാറ്റുന്നതോടെ ഇത്രയും മതിയെന്ന് അയാൾ പറയുന്നുണ്ട്. എന്നാൽ, ഇത് കേട്ട് ഹെയർഡ്രെസ്സർ ആയ യുവതി ഞെട്ടിപ്പോയി. ഇതിനാണൊ നിങ്ങൾ ഇവിടെ വന്നത്? എന്ന് യുവതി ചോദിക്കുന്നുണ്ട്. ശരിയായ ഹെയർകട്ട് നൽകാത്തതിനാൽ പണം ഈടാക്കില്ലെന്ന് യുവതി അദ്ദേഹത്തോട് പറയുന്നുണ്ട്. ജോലി കുറവായിരുന്നുവെങ്കിലും പണം നൽകാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് അയാളും പറയുന്നുണ്ട്. എന്നാൽ പണം സ്വീകരിക്കാൻ കഴിയില്ലെന്ന് യുവതി പറയുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോയിൽ ഹെയർ ഡ്രസ്സർക്ക് അയാൾ അഞ്ഞൂറ് ഡോളർ ടിപ്പ് നൽകുന്നത് കാണാം. യുവതി ഒടുവിൽ ടിപ്പ് സ്വീകരിക്കുന്നുണ്ട്, യുവതിയുടെ മുഖത്തെ സന്തോഷവും വീഡിയോയിൽ കാണാം. “ഇത് കള്ളപ്പണമാണോ?” എന്നും യുവതി അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്. ടിപ്പ് കിട്ടിയതോടെ യുവതി വികാരാധീനയായി “നിങ്ങളെ ദൈവം അനുഗ്രഹിക്കും, യഥാർത്ഥത്തിൽ എനിക്ക് വാടക നൽകാൻ പണം ആവശ്യമായിരുന്നുവെന്നും ” യുവതി വീഡിയോയിൽ പറയുന്നുണ്ട്. സ്റ്റീവൻ ഷാപിറോയുടെ ഒരു യൂട്യൂബ് വീഡിയോയിൽ നിന്നാണ് ഈ ഫൂട്ടേജ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഷാപിറോ വിവിധ സലൂണുകളിൽ പോയി മുടി മുറിക്കുന്നതും ഹെയർഡ്രെസ്സർമാർക്ക് ഉദാരമായി ടിപ്പുകൾ നൽകുന്നതും വീഡിയോയിൽ കാണാം.