സംസ്കൃതം മാത്രമല്ല, തമിഴും ദേവഭാഷയാണെന്ന് മദ്രാസ് ഹൈകോടതി
ചെന്നൈ: സംസ്കൃതം മാത്രമല്ല, തമിഴും ദേവഭാഷയാണെന്നു മദ്രാസ് ഹൈകോടതി. ജസ്റ്റിസുമാരായ എന്‍ കിരുബകരന്‍, ബി പുകഴേന്തി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. ക്ഷേത്ര പ്രതിഷ്ഠകളില്‍ സംസ്കൃതത്തിലുള്ള മന്ത്രങ്ങൾ മാത്രമല്ല തമിഴ് മന്ത്രങ്ങള്‍ ഉച്ചരിക്കേണ്ടതാണെന്നും കോടതി വിധിച്ചു. കരൂര്‍ ജില്ലയിലെ ക്ഷേത്രപ്രതിഷ്ഠയില്‍ തമിഴ് മന്ത്രങ്ങള്‍ ചൊല്ലാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ദൈവങ്ങളുമായി ബന്ധമുള്ള ഭാഷ ദേവഭാഷ തന്നെയാണ്. മനുഷ്യര്‍ സംസാരിക്കുന്ന ഏതു ഭാഷയും ദേവ ഭാഷ തന്നെയാണെന്ന് കോടതി പറഞ്ഞു. മനുഷ്യര്‍ക്കു ഭാഷ സൃഷ്ടിക്കാനാവില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പു സൃഷ്ടിക്കപ്പെട്ട ഭാഷ തലമുറകള്‍ കൈമാറിയാണ് ഇന്നത്തെ രൂപത്തില്‍ ആയത്. തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ തമിഴ് ഉപയോഗിച്ചില്ലെങ്കില്‍ മറ്റേത് ക്ഷേത്രത്തിലാണ് അത് ഉപയോഗിക്കുകയെന്നും കോടതി ചോദിച്ചു.
സംസ്കൃതം മാത്രമാണ് ദേവഭാഷ എന്നാണ് നമ്മുടെ നാട്ടിലെ ധാരണ. തീർച്ചയായും സംസ്കൃതത്തിൽ നല്ല സാഹിത്യകൃതികളുണ്ട്. വിശ്വാസത്തിനനുസരിച്ച് പല സ്ഥലങ്ങളിലും ആരാധനാ ക്രമങ്ങളിലും മാറ്റം വരും. അവിടെയെല്ലാം പ്രാദേശിക ഭാഷയാണ് ആരാധനക്ക് ഉപയോഗിക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.