“എടാ മനുഷ്യാ ഞാൻ സുരേഷ് ഗോപിയല്ല ; മനോജ് ഗോപിയാണ്” ,ദിവസം വരുന്നത് നൂറുകണിക്കിന് ഫോൺ കോളുകൾ .ഗൂഗിൾ വരുത്തിയ തെറ്റിന് പണി കിട്ടിയ എരുമപ്പെട്ടി സ്വദേശിയുടെ അവസ്ഥ പരിതാപകരം
കഴിഞ്ഞ മൂന്നര വർഷമായി ഫോൺ വിളി കാരണം ഉറക്കം നഷ്ടപ്പെട്ട് തൃശൂർ സ്വദേശിയായ യുവാവ്. നടൻ സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പർ ഗൂഗിൾ തെറ്റിച്ച് നല്‍കിയതോടെയാണ് മനോജിന്റെ സമാധാനം നഷ്ടപ്പെട്ടത്. ദിവസേന വരുന്ന കോളുകളിലും മെസേജുകളിലും മറുപടി നല്കി വലയുകയാണ് മനോജ്.
ഇതോടെ നാട്ടുകാർക്കിടയിൽ മനോജ് ഇപ്പോൾ മനോജ് ഗോപിയായി. നിരന്തരമുള്ള ഫോണ്‍ വിളികള്‍ മൂലം സ്വന്തം ജോലി പോലും സ്വസ്ഥമായി ചെയ്യാന്‍ മനോജിന് കഴിയുന്നില്ല. ഹലോ സുരേഷ് ഗോപിയല്ലേ എന്ന് ചോദിച്ച് പതിനഞ്ചോളം ഫോണ്‍ കോളുകളാണ് ദിവസേന എത്തുന്നതെന്ന് മനോജ് പറയുന്നു. ഫോൺ കോളുകൾക്ക് പുറമെ വാട്സാപ്പ് മെസ്സേജുകളും മനോജിന് തലവേദനയായി.
സ്വന്തം ഫോൺ നമ്പർ കാരണം മൂന്നര വർഷത്തിനിടയിൽ ആദ്യമൊന്നും വലിയ പ്രശ്നം ഉണ്ടായിരുന്നില്ലെന്നും, പക്ഷെ ആറ് മാസങ്ങൾക്ക് മുമ്പാണ് ദിവസേനെ പതിനഞ്ചിലേറെ കോളുകൾ വരാൻ തുടങ്ങിയതെന്നും മനോജ് പറയുന്നു. താൻ സുരേഷ് ഗോപിയല്ല, മനോജാണെന്ന് പറഞ്ഞ് മടുത്തതായി യുവാവ് പറയുന്നു… സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പോലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിക്കുന്നു.
സുരേഷ് ഗോപി എന്തെങ്കിലും സഹായം ആര്‍ക്കെങ്കിലും നല്കിയാല് പിന്നെ രണ്ട് മൂന്ന് ദിനം നാല്‍പ്പതിലേറെ കോളുകള്‍ വരും. സംഭവം സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നേരിട്ട് ഇതുവരെ സുരേഷ് ഗോപിയെ വിളിച്ചിട്ടില്ലെന്ന് മനോജ് പറയുന്നു.
ആറ് വര്‍ഷം മുമ്പ് സുരേഷ് ഗോപിയെ ആരാധകന് എന്ന നിലയില്‍ കണ്ടിരുന്നു. അന്നത്തെ ആകാംക്ഷയില്‍ ഹായ് എന്ന മെസേജ് അയച്ചു. അടിയില്‍ ഈ നമ്പറും വെച്ചു. അങ്ങനെ ഗൂഗിളിൽ വന്നതാകാം. ജോലി ആവശ്യം നമ്പര്‍ പെട്ടെന്ന് മാറ്റാന്‍ ആകില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് ആറ് മാസമായി. അവര്‍ക്കും തമാശയാണ് മനോജ് കൂട്ടിച്ചേർത്തു. മുമ്പ് സ്ത്രീധന പീഡനത്തിന്റെ പേരിൽ മരിച്ച വിസ്മയയുടെ വീട് സന്ദർശിക്കാനെത്തിയ സുരേഷ് ഗോപിയോട് വിസ്മയയുടെ അമ്മ സുരേഷ് ഗോപിയെ പലതവണ ഫോണിൽ മകൾ വിളിച്ചിരുന്നെന്ന് പറഞ്ഞിരുന്നു.
ഈ വാർത്ത പരാതിക്കാരനായ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കൽ മനോജിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. സുരേഷ് ഗോപി അല്ലേ എന്ന ചോദ്യത്തിന് അല്ല എന്ന് പെട്ടെന്നുത്തരം പറഞ്ഞ് കട്ട് ചെയ്ത ആയിരക്കണക്കിനു ഫോൺ കോളുകളിൽ വിസ്മയയും ഉണ്ടായിരുന്നതായി സംശയിക്കുന്നതായി മനോജ് പറഞ്ഞിരുന്നു.
സുരേഷ് ഗോപി അല്ലേ എന്ന ചോദ്യം മറുതലയ്ക്കൽ നിന്നു കേൾക്കുന്ന ഉടനെ, നമ്പർ തെറ്റാണെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്യുകയാണു പതിവ്. വീടുകളുടെയും സ്ഥാപനങ്ങളുടെയും ഇന്റീരിയർ ജോലികൾ ചെയ്യുന്ന മനോജിന് ആവശ്യക്കാരുടെ വിളി വരുന്നതിനാൽ ഏറെക്കാലമായുള്ള നമ്പർ മാറ്റാനും കഴിയില്ല. എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പര്‍ ഗൂഗിൾ തെറ്റിച്ച് നല്കിയ വാർത്ത കണ്ടെങ്കിലും ഇനി ആ നമ്പറിലേയ്ക്ക് ആരും വിളിക്കരുതേ എന്ന അഭ്യർത്ഥന മാത്രമാണ് മനോജിന് ഇപ്പോൾ ഉള്ളത്.