വൈദ്യുതി ബിൽ കുറയ്ക്കാൻ പദ്ധതിയുമായി കെ എസ് ഇ ബി, സോളാർ പാനൽ സ്ഥാപിച്ചാൽ കിട്ടുന്ന അതേഗുണമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: നമ്മുടെ സംസ്ഥാനത്ത് സാധാരണക്കാരുടെ ഉറക്കം കെടുത്തുന്നതിൽ മോശമല്ലാത്ത സ്ഥാനം വൈദ്യുതി ബില്ലുകൾക്കുണ്ട്. മാസവരുമാനത്തിന്റെ നല്ലൊരു പങ്കും കറണ്ട് ബില്ല് കൊണ്ടുപോകാറുമുണ്ട്. കൊവിഡ് സാഹചര്യത്തിൽ വരുമാനം നിലച്ച ആയിരക്കണക്കിന് പേർക്ക് ഇരുട്ടടി തന്നെയായിരുന്നു സമയം തെറ്റാതെ എത്തിയ വൈദ്യുതി ബിൽ എന്നതിൽ സംശയമില്ല. ഘട്ടം ഘട്ടമായി ബിൽതുക അടയ്ക്കുന്നതിനുള്ള സൗകര്യം കെഎസ്ഇബി ഒരുക്കിയിട്ടുണ്ടെങ്കിലും, ബില്ലിനെ സംബന്ധിച്ച് നിരവധി പരാതികളും ഉയരുന്നുണ്ട്.ഇപ്പോഴിതാ സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസമെന്നോണം വൈദ്യുതി ബിൽ കുറയ്ക്കാനുള്ള പദ്ധതി ആവിഷ്കരിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി. കേരള ഗ്രീൻ എനർജി മിഷൻ എന്ന ഹരിത ഊർജ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 100 ചതുരശ്ര മീറ്ററും (1077 ചതുരശ്ര അടി) അതിനു മുകളിലും വീസ്തീർണമുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ ഒരു കിലോവാട്ട് വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ടു സോളർ പാനൽ നിർബന്ധമാക്കാനാണു ശുപാർശ. ഇതിന് 50,000 രൂപ ചിലവ് വരും. സോളർ പാനൽ വയ്ക്കുന്നതിൽ താൽപര്യമില്ലാത്തവർ കെട്ടിടത്തിന്റെ വലുപ്പമനുസരിച്ച് എത്ര കിലോവാട്ട് പദ്ധതിയുടെ പരിധിയാലാണോ വരുന്നത് ആ തുക ഹരിത ഊർജ മിഷനിൽ അടച്ചാൽ മതി.25 വർഷം ഈ കെട്ടിട ഉടമയ്ക്ക് അവർ അടച്ച തുകയ്ക്കനുസരിച്ചുള്ള വൈദ്യുതിയുടെ പണം കുറച്ചുള്ള തുകയായിരിക്കും വൈദ്യുതി ബില്ലായി വരിക. വീടിനു മുകളിൽ പാനൽ സ്ഥാപിച്ചാൽ കിട്ടുന്ന അതേ ഗുണം ഇതുവഴി അവർക്കു ലഭിക്കും.