അനുമതിയില്ലാതെ ഊരുകളിൽ മരുന്നുവിതരണം; മന്ത്രി റിപ്പോർട്ട് തേടി
മരുന്ന് അമിതമായി കഴിച്ച കുഞ്ഞ് ചികിത്സയിൽ
അഗളി: അനുമതിയില്ലാതെ ആദിവാസി ഊരുകളിൽ കോവിഡ് പ്രതിരോധ ഹോമിയോ ഗുളിക നൽകുകയും ആദിവാസികളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തത് വിവാദമായി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി. എച്ച്.ആർ.ഡി.എസ് ഇന്ത്യ സംഘടനയാണ് അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലായി നാലായിരത്തോളം ആദിവാസി വീടുകളിൽ മരുന്നുവിതരണവും വിവരശേഖരണവും നടത്തിയത്.
ഊരുകളിൽ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തണമെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ട്. മരുന്നുകൾ വിതരണം ചെയ്യുന്ന വീടുകളിൽനിന്ന് ആധാർ വിവരങ്ങൾ ഉൾപ്പെടെ ഇവർ ആവശ്യപ്പെടുന്നുണ്ടെന്ന ആരോപണവുമായി ഊരുനിവാസികൾ രംഗത്തെത്തി. സ്ഥാപനത്തിൽ, ട്രെയിനികളായ വിദ്യാർഥികളെ ഉപയോഗിച്ചാണ് മരുന്ന് വിതരണം. ഇതിനിടെ മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന്, അഞ്ച് വയസ്സുള്ള ഭൂതിവഴി സ്വദേശിയായ കുഞ്ഞിന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകേണ്ട സാഹചര്യവുമുണ്ടായി.
മരുന്ന് വിതരണത്തിനൊപ്പം ശേഖരിക്കുന്ന ആധാർ വിവരങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവില്ലാതെയാണ് മരുന്ന് വിതരണം നടത്തിയത്. പാലക്കാട് കുഴൽമന്ദം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പടിയാണ് അട്ടപ്പാടിയിൽ മരുന്ന് വിതരണത്തിനുള്ള അനുമതിയെന്ന് തെളിയിക്കുന്ന രേഖയായി ഇവർ കാണിക്കുന്നത്.
താൻ കബളിപ്പിക്കപ്പെട്ടതാണെന്നും അവർ മുൻകൂട്ടി തയാറാക്കിയ ഫോർമാറ്റിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ നന്മ പ്രതീക്ഷിച്ച് ഒപ്പുവെച്ചതാണെന്നുമാണ് ഡോക്ടർ പറയുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, ഷോളയൂർ ഗ്രാമപഞ്ചായത്ത്, എൻ.സി.പി ജില്ല കമ്മിറ്റി, ഡി.വൈ.എഫ്.ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി, സി.പി.എം പുതൂർ ലോക്കൽ കമ്മിറ്റി എന്നിവർ രംഗത്തുവന്നു. സംഭവം ശ്രദ്ധയിൽപെട്ടയുടൻ മരുന്ന് വിതരണം നിർത്തി വെക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.