മംഗളുറു: ഒടുവിൽ സമരനായകന്റെ മുന്നിൽ അദാനി മുട്ട്മടക്കി .മംഗളുറു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡുകളിൽ നിന്ന് അദാനിയുടെ പേര് നീക്കി. അദാനി ഗ്രൂപ് മംഗളുറു വിമാനത്താവളം ഏറ്റെടുത്തതോടെ നിലവിലുള്ള ബോർഡുകൾ മാറ്റുകയും അദാനിയുടെ പേര് ഉൾപെടുത്തി പുതിയ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരിൽ നിന്നടക്കം വലിയ വിമർശങ്ങൾക്ക് വഴിവെച്ചിരുന്നു.
പേരുമാറ്റം ചോദ്യംചെയ്ത് സാമൂഹ്യ പ്രവർത്തകർ 2021 മാർചിൽ എയർപോർട് അതോറിറ്റി ഓഫ് ഇൻഡ്യയ്ക്കും എയർപോർട് ഡയറക്ടർക്കും വകീൽ നോടീസ് നൽകിയിരുന്നു. പേര് മാറ്റിയത് നിയമ വിരുദ്ധമാണെന്ന് എയർപോർട് അതോറിറ്റി അധികൃതറും സമ്മതിച്ചിരുന്നു. പേര് മാറ്റാൻ അദാനിക്ക് അവകാശമില്ലെന്ന വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു.
പ്രതിഷേധവും നിയമ പോരാട്ടവും ശക്തമായതോടെയാണ് പേര് മാറ്റത്തിന് അദാനി ഗ്രൂപ് അധികൃതർ നിർബന്ധിതരായത്. അദാനിയുടെ പേര് ഉൾപെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ടൂറിസത്തിനും ഭീഷണിയാകുമെന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകനായ ദിൽരാജ് ആൾവ വ്യക്തമാക്കി. മംഗളുറു വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റർ, ഫേസ്ബുക് അകൗണ്ടുകളിലും അദാനിയുടെ പേര് നീക്കിയിട്ടുണ്ട്.