കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒരു കോടി 81 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മൂന്നു കിലോ 763 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ശരീരത്തിനുളളില്‍ ഒളിപ്പിച്ച രീതിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കസ്റ്റംസ് പിടികൂടിയിരുന്നു. ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം എടക്കര സ്വദേശി സൈഫുദ്ദീന് ആണ് 1145 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്. മറ്റൊരാള്‍ അബുദാബില് നിന്നുമെത്തിയ മലപ്പുറം പുലാമന്തോള്‍ സ്വദേശി മുഹമ്മദ് ഫൈസലാണ്. ഇയാളെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് 685 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്.
വിമാനത്താവളം വഴി വര്‍ദ്ധിച്ചു വരുന്ന സ്വര്‍ണക്കടത്ത് തടയാന്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം പരിശോധന ശക്തമാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഇതിനെ തുടര്‍ന്ന് വിമാനത്തിലും വിമാനത്താവളത്തിന്റെ പുറത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഈ പരിശോധനയിലാണ് പ്രതികള്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.