കേന്ദ്ര സർക്കാർ നിർദേശം മറയാക്കി പി എഫ് അക്കൗണ്ടിൽ നിന്ന് കോടികളുടെ വെട്ടിപ്പ്, മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ കേസ്
ന്യൂഡൽഹി: കുടിയേറ്റതൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ജീവനക്കാർക്കു വേണ്ടിയുള്ള പ്രോവിഡന്റ് ഫണ്ടിൽ നിന്ന് 2.71 കോടി രൂപ വെട്ടിച്ചതിന് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സി ബി ഐ കേസ്. ലോക്ക്ഡൗൺ സമയത്ത് ഉണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിരവധി ഇളവുകൾ നൽകിയിരുന്നു. ഈ ഇളവുകൾ മറയാക്കിയാണ് പ്രോവിഡന്റ് ഫണ്ട് ഓഫീസിലെ തന്നെ ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയത്.എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ വിജിലൻസ് വിഭാഗം നൽകിയ പരാതിയിന്മേലാണ് നടപടി. കണ്ടീവലി റീജിയണൽ ഓഫീസിലെ സീനിയർ സോഷ്യൽ സെക്ക്യൂരിറ്റി ഓഫീസർ ചന്ദൻ കുമാർ സിൻഹയാണ് തട്ടിപ്പിന് പിന്നിലെ പ്രധാനിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇയാളോടൊപ്പം കോയമ്പത്തൂർ, ചെന്നൈ മേഖലാ ഓഫീസുകളിലെ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർമാരായ ഉത്തം ടാഗറേയും വിജയ് ജാർപെയും കൂട്ടുപ്രതികളാണ്. കൂടുതൽ ആരെങ്കിലും കേസിൽ പ്രതികളാകുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.കഴിഞ്ഞ മേയ് 18നാണ് ഈ തട്ടിപ്പിനെ കുറിച്ച് പി എഫ് വിജിലൻസുകാർക്ക് വിവരം ലഭിക്കുന്നത്. ലോക്ക്ഡൗൺ സമയത്ത് നിരവധി സ്വകാര്യ കമ്പനികൾ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യം മുതലാക്കി കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പൂട്ടിപോയ കമ്പനികളുടെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ശേഷം ഇവരുടെ പേരിൽ പണം അടിച്ചുമാറ്റുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്. ലോക്ക്ഡൗൺ സമയമായതിനാൽ 5 ലക്ഷത്തിനു കീഴിലുള്ള സംഖ്യ പിൻവലിക്കുന്നതിന് മേൽ ഉദ്യോഗസ്ഥരുടെ അനുമതി വേണ്ടെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ടായിരുന്നു. ഇത് മനസിലാക്കിയതിനാൽ 2.75 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള സംഖ്യയാണ് ഇവർ ഓരോ തവണയും പിൻവലിച്ചിരുന്നത്. അതിനാൽ തന്നെ തട്ടിപ്പിനെകുറിച്ച് മേൽ ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല.