മണ്ണാര്‍ക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ടുമരണം, അഗ്നിശമനസേന എത്താന്‍ വൈകിയെന്ന് ആരോപണം
പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴയില്‍ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചു രണ്ടുമരണം. രണ്ടുപേര്‍ക്ക് പരുക്ക്.
മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ (52), പട്ടാമ്പി സ്വദേശി പുഷ്പലത (48) എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
നെല്ലിപ്പുഴ പാലത്തിന് സമീപമുള്ള നാലുനില കെട്ടിടം ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന മസാലി ഹോട്ടലിലാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ തീപിടിത്തമുണ്ടായത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഹോട്ടലും, അനുബന്ധ താമസമുറികളുള്ള മുകള്‍നിലയും അഗ്നിക്കിരയായി. സംഭവസമയത്ത് താമസക്കാരായ എട്ടുപേരും രണ്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. തീ പടര്‍ന്നതുകണ്ട് പുറത്തേക്കോടിയാണ് ആളുകള്‍ രക്ഷപ്പെട്ടത്.
തീ നിയന്ത്രണ വിധേയമാക്കിയ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് മുകള്‍നിലയില്‍ ബോധംകെട്ട് നിലത്തുവീണു കിടക്കുന്ന നിലയില്‍ ബഷീറിനെയും പുഷ്പലതയെയും കണ്ടെത്തിയത്. ഇവരെ രക്ഷാപ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അഗ്നിശമന സേന മണ്ണാര്‍ക്കാട്, കോങ്ങാട്, പെരിന്തല്‍മണ്ണ യൂണിറ്റുകള്‍ മൂന്നുമണിക്കൂറിലേറെ സമയമെടുത്താണ് തീ അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം കണക്കാക്കി വരികയാണ്. അഗ്നിശമനസേന എത്താനുണ്ടായ കാലതാമസമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നു കെട്ടിട ഉടമയും മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാനുമായ ഫായിദ ബഷീര്‍ ആരോപണം. അഗ്നിരക്ഷാസേനയുടെ ലാന്‍ഡ് ലൈന്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, ആരോപണം വാസ്തവവിരുദ്ധമാണെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരന്തം സംബന്ധിച്ചു വിവരം ലഭിക്കുന്നതിനാണ് താമസം ഉണ്ടായത്. അത് ലഭിച്ച ഉടനെ സ്ഥലത്ത് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.