എറണാകുളംപറവൂരില് മൂന്നര വയസ്സുള്ള കുട്ടിയുള്‍പ്പെടെ ഒരു കുടുംബത്തിലെ 3 പേര് മരിച്ചനിലയില്‍
പറവൂര്‍ (എറണാകുളം) : ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്പത്ത് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്ണേന്ദു (30) മകന് ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണു മരിച്ചത്. പരേതനായ മുരളീധരന്റെയും ലതയുടെയും മകനാണ്. കുട്ടിയെ കൊലപ്പെടുത്തിയശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങി മരിച്ചെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലെ ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണു സുനിലിനെയും കൃഷ്ണേന്ദുവിനെ കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടു നാലരയോടെ പറവൂരിലെ വീട്ടിലെത്തിയ സുനിലിന്റെ ബന്ധുവാണ് സംഭവം ആദ്യം കണ്ടത്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞു പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യന് ആയിരുന്നു സുനില്‍. കോവിഡിനെ തുടര്‍ന്നു നാട്ടിലെത്തിയ ശേഷം തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഉടന്‍ തന്നെ തിരിച്ചു പോകാനുള്ള തയാറെടുപ്പിലായിരുന്നു. കൃഷ്ണേന്ദു വീട്ടമ്മയാണ്.
സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാര്‍ഥ കാരണം പൊലീസിനും വ്യക്തമല്ല. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ട്. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്‍ക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.