12 കാരിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം ആവശ്യം; കാദര്‍ കരിപ്പൊടി
കാസര്‍കോട്:കഴിഞ്ഞ ദിവസം കാസർഗോഡ് മേൽപറമ്പിൽ 12 വയസുകാരിയായ സഫാ ഫാത്തിമ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മാധ്യമപ്രവർത്തകൻ കാദർ കരിപ്പൊടി. സഫ ഫാത്തിമയുടെ വീട് സന്ദർശിച്ച ശേഷമാണ് അദ്ദേഹത്തിൻറെ പ്രതികരണം. 12 കാരിയെ ആത്മഹത്യയ്ക്ക് നയിച്ച കാരണം എന്താണെന്നും അതിനുള്ള ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മേൽപറമ്പിലെ സയ്യിദ് മൻസൂർ- ഷാഹിന ദാമ്പതികളുടെ മകൾ സഫ ഫാത്തിമയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സഫ ഫാത്തിമ സ്കൂളിലെ അധ്യാപകനുമായി സമൂഹമാധ്യമത്തിൽ ചാറ്റ് ചെയ്തിരുന്നതായും ഇക്കാര്യം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ മകളെ വിലക്കുകയും ചെയ്തിരുന്നു. അധ്യാപകനെതിരെ രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പാളിന് പരാതി നൽകുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ കുട്ടി മാനസിക വിഷമത്തിൽ ആയിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാൽ ഓൺലൈൻ ക്ലാസ്സിന്റെ മറവിൽ അധ്യാപകൻ കുട്ടിയെ വഴിതെറ്റിച്ചുവെന്നും സംഭവ ദിവസം കുട്ടിയെ വിളിച്ച് അധ്യാപകൻ ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കുട്ടി മാനസിക വിഷമത്തിലാവാനുള്ള കാരണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്.