മികവിന്റെ കേന്ദ്രങ്ങളാകാന്‍ കാസര്‍കോട് 6 വിദ്യാലയങ്ങള്‍, സെപ്റ്റംബര്‍ 14ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസർകോട് : പുതിയ ലാബുകളും കെട്ടിടങ്ങളുമായി ജില്ലയിലെ ആറ് വിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ട് തുടങ്ങിയവയിലൂടെ നിർമിച്ച കെട്ടിടങ്ങൾ സെപ്റ്റംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഓൺലൈനായി നടക്കുന്ന പരിപാടിയിൽ പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ. എൻ.ബാലഗോപാൽ മുഖ്യാതിഥി ആയിരിക്കും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും.
ജില്ലയിൽ അഞ്ച് ലാബുകളും ഒരു സ്കൂൾ കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്ലാൻ ഫണ്ടിൽ നിന്നും നിർമിച്ച ജി ജെ ബി എസ് പേരാൽ കെട്ടിടവും നബാർഡ്, എസ് എസ് കെ, എം എൽ എ ഫണ്ട് വഴി നിർമിച്ച ജി എച് എസ് എസ് കുണ്ടംകുഴി, ജി എച്ച് എസ് എസ് ഹൊസ്ദുർഗ്, ജി വി എച്ച് എസ് എസ് കയ്യൂർ, ജി എച്ച് എസ് എസ് ബളാൻതോട്, ജി എച്ച് എസ് എസ് ഉദുമ എന്നിവിടങ്ങളിലെ ലാബുകളുമാണ് ചൊവ്വാഴ്ച നാടിന് സമർപ്പിക്കുന്നത്.