തിരുവനന്തപുരം: കേരളത്തില്‍ 28 പോക്സോ അതിവേഗ സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുക. ഇതിന്റെ ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും. ഈ പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി .കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തെ ശിശു സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ഇപ്പോള്‍ തന്നെ 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം കൂടി പോക്സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.