ഉത്തർപ്രദേശ് മുൻമന്ത്രിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, കൊലപാതകമെന്ന് സംശയം
ന്യൂഡൽഹി: മുൻ ഉത്തർപ്രദേശ് മന്ത്രിയും ബി ജെ പി നേതാവുമായ ആത്മറാം ടോമറിനെ ബിജ്റൗളിലുള്ള അദ്ദേഹത്തിന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിന് ചുറ്റും ഒരു തുണി കൊണ്ട് വരിഞ്ഞുമുറുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അദ്ദേഹത്തിന്റെ മൊബൈൽ ഫോണും കാറും മോഷണം പോയിട്ടുണ്ട്.സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് നായയും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ ടോമറിനെ ശ്വാസം മുട്ടിച്ചു കൊന്നതായിരിക്കാമെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.വെള്ളിയാഴ്ച രാവിലെ പതിവു പോലെ അദ്ദേഹത്തിന്റെ ഡ്രൈവർ ജോലിക്ക് എത്തിയപ്പോഴായിരുന്നു ടോമറിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഏറെ നേരം വിളിച്ചിട്ടും ആരും വാതിൽ തുറക്കാത്തതിനാൽ ഡ്രൈവർ അകത്തു കയറി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.