കോഴിക്കോട് മിഠായിത്തെരുവിൽ വൻ അഗ്നിബാധ; തീപിടിച്ചത് ചെരുപ്പ് കടയിൽ
കോഴിക്കോട്: മിഠായിത്തെരുവിലെ ചെരുപ്പ് കടയ്ക്ക് തീപിടിച്ചു. വലിയ അഗ്നിബാധയാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അഞ്ച് യൂണിറ്റ് അഗ്നിശമന സേനാ അംഗങ്ങൾ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിക്കുകയാണ്. മൊയ്തീൻ പളളി റോഡിലേക്ക് പ്രവേശിക്കുന്നതിന് സമീപമുളള വികെഎം ബിൽഡിംഗിലെ ജൂനിയർ ഫാൻസി സ്റ്റോർ എന്ന കടയാണ് തീപിടിച്ചത്. വികെഎം ബിൽഡിംഗിലെ മൂന്നാം നിലയിലാണ് അഗ്നിബാധയുണ്ടായ കട.തീ എത്രത്തോളം വ്യാപിച്ചു എന്നത് ഫയർഫോഴ്സ് പരിശോധിക്കുകയാണ്. സ്ഥലത്ത് ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നത് പരിശോധിക്കുകയാണ്. പതിനഞ്ചോളം പേർ അവിടെയുണ്ടായിരുന്നെങ്കിലും അവർ തീപിടിത്തതിന് മുൻപ് രക്ഷപ്പെട്ടതായാണ് വിവരം. തീപടർന്ന സമയം ഉളളിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമികമായ നിഗമനം. വിശദമായ കാരണം പിന്നീടേ വ്യക്തമാകൂവെന്നും അധികൃതർ അറിയിച്ചു.തീ പിടുത്തം നിയന്ത്രണവിധേയമായെന്നും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചതായുമാണ് പൊലീസ് നൽകുന്ന വിവരം.