യുവതിയുടെ തേൻ കെണിയിൽ കുടുങ്ങിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും. ആദ്യ കേസിൽ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിനാകെ നാണക്കേടുണ്ടാക്കിയ ഹണിട്രാപ്പിൽ ആദ്യകേസ് രജിസ്റ്റർ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിൽ തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി.നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അഞ്ചല്‍ സ്വദേശിയാണെങ്കിലും യുവതി ഏറെക്കാലമായി തിരുവനന്തപുരത്താണ് താമസം എന്നാണ് റിപ്പോർട്ട്.പൊലീസുകാരാണ് യുവതിയുടെ പ്രധാന ഇരകൾ. ഫോണിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയുമാണ് യുവതി ചങ്ങാത്തം കൂടുന്നത്. ഇവരെ കുടുക്കിയശേഷം ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുന്നതാണ് രീതി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ കെണിയിൽ പെട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. നിരവധി ഉദ്യോഗസ്ഥർ യുവതിയുടെ വലയിൽ വീണെന്ന് വിവരമുണ്ടെങ്കിലും ആരും ഇതുവരെ പരാതി നൽകാൻ തയ്യാറായിട്ടില്ല.ചില പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും ഒരു യുവതി ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖകൾ അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ യുവതി നിലവിലെ പരാതിക്കാരനായ എസ്ഐക്കെതിരെ മ്യൂസിയം സ്റ്റേഷനിൽ ബലാത്സംഗ പരാതി നൽകിയിരുന്നു. പിന്നീട് യുവതി തന്നെ പരാതി പിൻവലിക്കുകയും ചെയ്തു. എന്നാൽ, പരാതിയെത്തുടർന്ന് എസ്ഐ ശിക്ഷണ നടപടിക്ക് വിധേയനാവുകയും ചെയ്തിരുന്നു.എസ് ഐയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. യുവതിയെ കണ്ടുപിടിക്കുന്നതിനുളള ശ്രമവും തുടങ്ങിയിട്ടുണ്ട്.