ചന്തേര പോലീസിൻ്റെ അന്വേഷണ മികവ് കേരളാ പോലീസിന് അഭിമാന നിമിഷം;ദിർഹം തട്ടിപ്പ് പ്രതികളെ പിടികൂടിയത് 5 ദിവസത്തിനകം.പിടിയിലായത് വൻ തട്ടിപ്പു സംഘം.
കാഞ്ഞങ്ങാട് : കേരള പോലീസിൻ്റെ അന്വേഷണ മികവ് വീണ്ടും തെളിയിച്ച് ചന്തേര പോലീസ്.
ദിർഹം നൽകാമെന്നു വിശ്വസിപ്പിച്ചു ചെറുവത്തൂർ കാടങ്കോട്ടെ ദമ്പതികളിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 5 ദിവസത്തിനകം പ്രതികളെ പിടികൂടിയാണ് പോലീസ് സേനയ്ക്ക് ചന്തേര പോലീസ് അഭിമാനമായത്.. അന്വേഷണ മികവിൽ കേരള പോലീസിന് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ് പ്രധാന പ്രതികളുടെ അറസ്റ്റോടെ നേടിയെടുത്തിരിക്കുന്നത്. ഝാർഖണ്ഡ് സ്വദേശി ഫാറൂഖ് ഷെയ്ഖിനെ (43) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.ഇയാളുടെ കൂട്ടു പ്രതികളായ ദൽഹി സ്വദേശി ഗൗതം മജന്തീർ (33), ഡോളൺ ഷിക്കത്ത് (29), എന്നിവരെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു ഇന്ന് വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. ഇന്നലെ അറസ്റ്റിലായ ഫാറൂഖ് ഷെയ്ഖിനെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ.വി.ബാലകൃഷ്ണൻ, ചന്തേര സിഐ, പി.നാരായണന്റെയും മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ ചന്തേര എസ്ഐ, എം.വി.ശ്രീദാസാണ് തന്ത്രപരമായി പ്രതികളെ കുടുക്കിയത്.
സംഭവം നടന്ന ദിനം തൊട്ട് പ്രതികളെ വലയിൽ ആക്കുന്നത് വരെ പോലീസ് അംഗങ്ങൾ നടത്തിയ നിതാന്ത ജാഗ്രതയും സമർപ്പണവും അഭിനന്ദനം അർഹിക്കുന്നതാണ്. സൈബർ, ഡിജിറ്റൽ തെളിവുകളും ഫോൺ കോൾ രേഖകളും ശാസ്ത്രീയമായി വിശകലനം ചെയ്താണ് കേസിനു തുമ്പുണ്ടാക്കിയത്. തൃക്കരിപ്പൂർ വെൽ കെയർ മെഡിക്കൽസിലെ സി സി ടി വി യിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യം കേസിന് വലിയ ഗുണമായി.
പയ്യന്നൂർ പെരുമ്പ കോറോം റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടം വളഞ്ഞാണ് ഫാറൂഖ് ഷെയ്ഖിനെ പിടികൂടിയത്. സാമ്പത്തിക തട്ടിപ്പുകൾ വിപുലമായി ആസൂത്രണം ചെയ്ത് പഴുതില്ലാതെ നടപ്പാക്കിയത് ഝാർഖണ്ഡ് സ്വദേശികളും ബംഗാളികളും ഉൾപ്പെടുന്ന വിപുലമായ സംഘമാണെന്നാണ് പോലീസ് പറയുന്നത്.. ശാസ്ത്രീയ തെളിവുകളിലൂടെ മംഗലാപുരത്തും കണ്ണൂർ, കാസർകോട് ജില്ലകളിലും കേരളത്തിലെ മറ്റു ഭാഗങ്ങളിലും ഇവർക്കായി വല വിരിച്ചിരുന്നു. പഴുതടച്ച നിരീക്ഷണത്തിനൊടുവിലാണ് പ്രധാന കണ്ണികളായ ഫാറൂഖ് ഷെയ്ഖിനെയും ഗൗതം മജന്തി റിനെയും, ഡോളൻ ഷിക്കത്തിനെയും. കുടുക്കിയത്. ഫാറൂക്കിൻ്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂരിനടുത്തു വെച്ച് രണ്ടു കൂട്ടം പ്രതികളെ പിടികൂടിയത്. അങ്കമാലി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവൻ സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
ഇത്തരം തട്ടിപ്പുകളിൽ പെടുന്ന പലരും നാണക്കേട് ഭയന്ന് പുറത്തറിയിക്കാത്തതും ലാഭം മാത്രം പ്രതീക്ഷിച്ച് അന്യന്റെ കയ്യിൽ നിന്ന് പോലും പണം വാങ്ങി യാതൊരു മുൻ പരിചയവും ഇല്ലാത്തവരിലേക്ക് പണം നൽകാൻ തയ്യാറാവുന്നതും ഇത്തരക്കാർക്ക് കൂടുതൽ പ്രേരണ നൽകുകയാണ് എന്ന് പോലീസ് പറഞ്ഞു. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പ്രതിയെ വലയിലാക്കിയ പൊലീസ് പണം നഷ്ടപ്പെട്ടയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രതിയെ തിരിച്ചറിഞ്ഞ് ഉറപ്പാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ മറ്റു പല സ്റ്റേഷനിലും ഇവർക്കെതിരെ സമാന രീതിയിൽ ഉള്ള തട്ടിപ്പ് നടത്തിയതായുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
ചന്തേര പോലീസ് സ്റ്റേഷനിലെ അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫിസർ ദിലീഷ്, സിവിൽ പോലീസ് ഓഫിസർ ഷൈജു,ഹോംഗാർഡ് രാധാകൃഷ്ണൻ, ഡി വൈ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘത്തിൽ പെട്ട എഎസ്ഐ, അബൂബക്കർ, സജിത്ത്, ഷാജൻ, ജിനേഷ്, നികേഷ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.