കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിവാദ സിലബസ്: തൽക്കാലത്തേക്ക് മരവിപ്പിച്ച് വിസി
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിവാദ സിലബസ് തൽക്കാലത്തേക്ക് മരവിപ്പിച്ചു. വിഷയെത്തെക്കുറിച്ച് പഠിച്ച് അഞ്ചുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചതായും വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അതിനിടെ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് വി സിയോട് വിശദീകരണം തേടി. എത്ര പ്രതിഷേധം ഉണ്ടായാലും സിലബസ് പിൻവലിക്കില്ലെന്നാണ് വൈസ് ചാൻസിലർ നേരത്തേ പറഞ്ഞിരുന്നത്.ആർ എസ് എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറിന്റെയും സവർക്കറുടെയും പുസ്തകങ്ങൾ സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. സിലബസ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിസിയെ 20 മിനിറ്റോളം തടഞ്ഞു വയ്ക്കുകയും ചെയ്തു.എന്നാൽ എല്ലാ വിഷയവും എല്ലാവരും പഠിക്കട്ടെ എന്ന നിലപാടാണ് എസ് എഫ് ഐ സ്വീകരിച്ചത്. പുസ്തകം പഠിക്കേണ്ടത് വിമര്ശനാത്മകമായാണെന്നും യൂണിയന് ചെയര്മാന് എം കെ ഹസന് പറഞ്ഞു.എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി ജി മൂന്നാം സെമസ്റ്ററിലാണ് ഗോൾവാൾക്കറുടെ ‘വീ ഓർ ഔവർ നേഷൻഹുഡ് ഡിഫൈൻഡ്’, ‘ബഞ്ച് ഓഫ് തോട്ട്സ്’ ( വിചാരധാര), വി.ഡി സവർക്കറുടെ ‘ഹിന്ദുത്വ : ഹു ഈസ് എ ഹിന്ദു’ എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയത്. വിചാരധാര ആർ എസ് എസ് മൂലഗ്രന്ഥമായി പരിഗണിക്കുന്ന കൃതിയുമാണ്. ദീൻദയാൽ ഉപാദ്ധ്യായ, ബാൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗങ്ങളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ എസ് എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാഡമിക് പുസ്തകങ്ങളായി പരിഗണിക്കാത്തവയാണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി.രാജ്യത്തിന്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നും മറ്റും ഉള്ളടക്കമുള്ള പുസ്തകമാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.