പാലക്കാട് ഹോട്ടലില്‍ തീപിടിത്തം; രണ്ടുപേര്‍ മരിച്ചു
പാലക്കാട്: മണ്ണാര്‍കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തീ ഇതിനകം പൂര്‍ണമായും അണച്ചിട്ടുണ്ട്. എന്നാല്‍ നാശനഷ്ടങ്ങള്‍ അറിവായിട്ടില്ല.
മലപ്പുറം തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്.
ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തീ പടര്‍ന്നതോടെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന എല്ലാവരേയും പുറത്തിറക്കി എന്നാണ് കരുതിയിരുന്നത്. എന്നാല്‍ തീ അണച്ചതിന് ശേഷം തിരിച്ചില്‍ നടത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍, ഫയര്‍ഫോഴ്സ് എത്താന്‍ വൈകി എന്ന് നഗരസഭാ ചെയര്‍മാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീര്‍ ആരോപിച്ചു. എന്നാല്‍ വിവരം ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ സ്ഥലത്തെത്തി തീ അണച്ചു എന്നാണ് ഫയർഫോഴ്സ് പറയുന്നത്.