ഒറ്റപ്പാലത്ത് വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; സഹോദരിയുടെ മക്കള്‍ കസ്റ്റഡിയില്‍
പാലക്കാട് :നഗരത്തില്‍ വീട്ടമ്മയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര്‍എസ് റോഡ് തെക്കേത്തൊടിയില്‍ കദീജ മന്‍സിലില്‍ കദീജ (63) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. കദീജയുടെ സഹോദരിയുടെ മകള്‍ ഷീജ, ഇവരുടെ മകന് യാസിര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. കയ്യില്‍ ഗുരുതരമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. അവിവാഹിതയായ കദീജയും ഷീജയും ഒന്നിച്ചായിരുന്നു താമസം. കദീജയുടെ സ്വര്‍ണാഭണങ്ങള്‍ മോഷ്ടിച്ചെന്ന പേരില്‍ വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി പൊലീസ് അറിയിച്ചു. ഇതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. കദീജയ്ക്കു പരാതി ഇല്ലെന്ന് അറിയിച്ചതോടെ പ്രശ്നം ഒത്തുതീര്‍പ്പാക്കി.
ഇതിനു പിന്നാലെയാണു രാത്രി കദീജയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി വി.സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇന്‍സ്പെക്ടര്‍ വി.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.