കോട്ടയം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നാർക്കോട്ടിക്സ് ജിഹാദ് വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരങ്ങളെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസിന്റെ പ്രസ്താവനയിലുണ്ട്. സിപിഎമ്മും ബിജെപിയും ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പ്രസ്താവന പാലാ മണ്ഡലം കമ്മിറ്റിയുടെ വികാരമെന്ന് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആർ വി ജോസ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
പാലാ ബിഷപ്പ് ഉന്നയിച്ച നാർക്കോട്ടിക്സ് ജിഹാദ് വിഷയത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തണം എന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികാരമെന്നും തോമസ് ആർവി ജോസ് പറഞ്ഞു. ഇല്ലെങ്കിൽ ഇത്തരം പ്രചരണങ്ങൾ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.