കൊച്ചി: സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ. ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡിയ്ക്ക് തെളിവ് നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ആര് നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ഇഡി ചോദിച്ചിട്ടില്ലെന്ന് ജലീല്‍ പറഞ്ഞു. ചന്ദ്രികയിലെ കള്ളപ്പണ ഇടപാടിനെക്കുറിച്ചാണ് ചോദിച്ചത്. മറ്റ് കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. സഹകരണ വകുപ്പിന്റെ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. വിജിലന്‍സ് അന്വേഷണം നടത്തണമോയെന്ന് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ തടസ്സങ്ങള്‍ മാറിയാല്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും.
എ ആര് നഗര്‍ സഹകരണ ബാങ്കില്‍ മുസ്ലിം ലീഗിന്റെ സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെയും പേരില്‍ അക്കൗണ്ടുണ്ടാക്കി പണം നിക്ഷേപിച്ചിട്ടുണ്ട്. ഇക്കാര്യം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന് നിഷേധിക്കാനാവുമോ. ആക്ഷേപമുയര്‍ന്നപ്പോള്‍ ആ അക്കൗണ്ടുകളില്‍ നിന്ന് പേരുകള്‍ വെട്ടി. ഇത്ആദായ നികുതി വകുപ്പ് കണ്ടെത്തി. പാര്‍ടിയുടെ മറവില്‍ ഒരു വ്യക്തി കള്ളപ്പണം വെളുപ്പിക്കുന്നത് അപകടരമായ പ്രവണതയാണ്. കള്ളപ്പണ ഇടപാടിലൂടെ നേടിയ കോടികളുടെ പലിശയും ഉപയോഗിക്കുകയാണ്.
വ്യക്തിപരമായി ആരോടും വിരാേധമില്ല. സഹകരണ വകുപ്പിന്റെ കണ്ടെത്തലുകളാേട് ചില കാര്യങ്ങള്‍ താന്‍ കൂട്ടിചേര്‍ക്കുക മാത്രമെ ചെയ്തിട്ടുള്ളുവെന്നും ജലീല്‍ പറഞ്ഞു. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ ഏജന്‍സികള്‍ അന്വേഷിക്കും. പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെ കണ്ടത്. ചന്ദ്രിക കേസില്‍ രണ്ടാംതവണയാണ് ജലീല്‍ ഇഡിക്ക് തെളിവ് നല്‍കുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കും. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു..