സുധാകര വിസ്മയം, ഇനി കോൺഗ്രസ് നന്നാകും. സ്റ്റേജിൽ നേതാക്കളുടെ ‘ഇടി’ വേണ്ട, വ്യക്തിപരമായ ഫ്ലെക്സും പാടില്ല;
തിരുവനന്തപുരം: പുതിയ നേതൃത്വത്തിനു കീഴിൽ അടിമുടി മാറാനൊരുങ്ങി സംസ്ഥാന കോൺഗ്രസ്. ഇതിനായി പുതിയ മാർഗരേഖയും അവതരിപ്പിച്ചു. പാർട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇൻസെന്റീവ് നൽകും. വ്യക്തിപരമായി ആരും ഫ്ലെക്സ് ബോർഡുകൾ വയ്ക്കരുത്, സ്റ്റേജിൽ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിനൊപ്പം തർക്കങ്ങൾ തീർക്കാൻ ജില്ലാ തലങ്ങളിൽ സമിതി ഉണ്ടാക്കാനുളള നിർദ്ദേശവും മാർഗ രേഖയിലുണ്ട്. പുതിയ ഡി സി സി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്.നാട്ടിലെ പൊതു പ്രശ്നങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായി ഇടപെടണം, വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളിൽ നിന്നും ഒഴിവാക്കരുത്, ബൂത്തുതല നേതാക്കൾക്ക് വരെ ഇടയ്ക്കിടെ പരിശീലനം നൽകും, നേതാക്കളെ പാർട്ടി പരിപാടിക്ക് വിളിക്കുമ്പോൾ ഡിസിസി അനുവാദം നിർബന്ധം, ഡി സി സി ഓഫീസുകളിൽ സന്ദർശക രജിസ്റ്റർ നിർബന്ധം, ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം ആറു മാസം കൂടുമ്പോൾ വിലയിരുത്തും തുടങ്ങിയ നിർദ്ദേശങ്ങളും മാർഗരേഖയിലുണ്ട്.കോൺഗ്രസിനെ സെമി കേഡർ പാർട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനുവേണ്ടിയുള്ള പുതിയ ശൈലിക്ക് തുടക്കമിടുമ്പോൾ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉണ്ടായ പ്രശ്നങ്ങൾ നേതൃത്വം അടുത്തിടെ രമ്യമായി പരിഹരിച്ചിരുന്നു. പരസ്യപ്രസ്താവന നടത്തിയ ചില നേതാക്കൾക്കെതിരെ ഇതുവരെയില്ലാത്തവിധത്തിൽ കടുത്ത അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു