ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി, പ്രസ്താവനയിൽ ജാഗ്രത വേണമെന്ന് താക്കീത്
തിരുവനന്തപുരം: ചന്ദ്രിക കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുനൽകാനിരിക്കെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്ന് രാവിലെയായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ജലീലിനോട് ആവശ്യപ്പെട്ടു. എന്നാൽ എ ആര് നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രിക കേസിൽ താനല്ല പരാതിക്കാരനെന്നും മുഖ്യമന്ത്രിയോട് ജലീൽ പറഞ്ഞതായാണ് വിവരം. അതേസമയം ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകള്‍ കൈമാറാന്‍ ജലീല്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. വൈകുന്നേരം അദ്ദേഹം മാദ്ധ്യമങ്ങളെ കാണുകയും ചെയ്യുന്നുണ്ട്.പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര് നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇ ഡി അന്വേഷിക്കണമെന്നുമുള്ള ജലീലിന്റെ ആവശ്യത്തെ കഴിഞ്ഞദിവസം മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ‘കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.തൊട്ടുപിന്നാലെ സഹകരണ മന്ത്രി വി എന്‍ വാസവനും ജലീലിനെതിരെ രംഗത്തെത്തിയിരുന്നു. ‘സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാൻ ഇഡിയുടെ ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണ്. ബാങ്കുമായി ബന്ധപ്പെട്ട പരാതികൾ വന്നത് ഇപ്പോഴാണ്. വിഷയം ജലീല്‍ എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല എന്നായിരുന്നു വാസവൻ പറഞ്ഞത്. ജലീലിന്റെ നിലപാടിനോടുള്ള വിയോജിപ്പ് സി പി എം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ ഇന്ന് കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകൾ ഇഡിക്ക് നൽകുമെന്ന് ജലീൽ അറിയിക്കുകയായിരുന്നു.