ആറ് വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു: ചന്ദ്രാവതിയ്ക്ക് ഭൂമി സ്വന്തമാകും
കാസർകോട് : ചന്ദ്രാവതിയ്ക്കും മകനും ഇനി ആശ്വാസത്തിന്റെ നാളുകള്‍. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന കുമ്പഡാജെ പഞ്ചായത്ത് ആറാം വാര്‍ഡിലെ കജെയില്‍ കജ ഹൗസില്‍ ചന്ദ്രാവതിയ്ക്കും മകനും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സെപ്റ്റംബര്‍ 14 ന് നടക്കുന്ന പട്ടയമേളയില്‍ പട്ടയം ലഭിക്കും. ആറ് വര്‍മായി കജെയിലെ കോളനിയില്‍ 18 സെന്റ് സ്ഥലത്ത് പട്ടികജാതി കുടുംബമായ ചന്ദ്രാവതിയും കുടുംബവും വീടു കെട്ടി താമസിക്കുകയായിരുന്നു. മകന് രണ്ട് വയസ് പ്രായമുള്ളപ്പോഴാണ് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ ചന്ദ്രാവതി തനിച്ചായത്. പിന്നീടങ്ങോട്ട് ചന്ദ്രാവതിയുടെ അധ്വാനത്തിലാണ് തൊട്ടടുത്ത് താമസിക്കുന്ന ഇവരുടെ അമ്മയുടെയും രോഗിയായ അനുജത്തിയുടെയും ജീവിതം മുന്നോട്ട് പോകുന്നത്. ജീവിത ചെലവ് മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നതിനിടെയാണ് ചന്ദ്രാവതിയ്ക്ക് പട്ടയം ലഭിക്കുമെന്ന സന്തോഷ വാര്‍ത്തയെത്തുന്നത്. പഠിച്ച് ഒരു ബാങ്ക് ജോലിക്കാരനാകണമെന്നാണ് നാലാം ക്ലാസുകാരനായ അഭിലാഷിന്റെ ആഗ്രഹം. വര്‍ഷങ്ങളായി സ്വന്തമെന്ന് കരുതി അനുഭവിക്കുന്ന ഭൂമിയുടെ അവകാശം പതിച്ച് കിട്ടുന്നതില്‍ പരം മറ്റെന്താണ് സന്തോഷമെന്ന് ചന്ദ്രാവതി പറയുന്നു.